ത്രിപുരയിലും എസ് ഐ ആർ; സെപ്റ്റംബർ 5ന് തുടക്കം; അന്തിമ പട്ടിക ഡിസംബർ 23-ന് പ്രസിദ്ധീകരിക്കും

അഗർത്തല: ത്രിപുരയിലെ പശ്ചിമ ജില്ലയിൽ വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായുള്ള സ്പെഷ്യൽ ഇൻഫർമേഷൻ റിവിഷൻ സെപ്റ്റംബർ 5 മുതൽ ആരംഭിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം അന്തിമ വോട്ടർപട്ടിക ഡിസംബർ 23-ന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക പൂർണ്ണമായും കൃത്യവും കാലികവുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അർഹരായ എല്ലാ പൗരന്മാരെയും പട്ടികയിൽ ഉൾപ്പെടുത്തുകയും ഇരട്ട എൻട്രികൾ, വ്യാജ വിവരങ്ങൾ, അർഹതയില്ലാത്തവരുടെ പേരുകൾ എന്നിവ കൃത്യമായ നടപടിക്രമങ്ങളിലൂടെ നീക്കം ചെയ്യുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

എസ്.ഐ.ആറുമായി ബന്ധപ്പെട്ട് പശ്ചിമ ത്രിപുര ജില്ലാ മജിസ്‌ട്രേറ്റും കളക്ടറുമായ വിശാൽ കുമാർ മാധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. മുഴുവൻ പ്രവർത്തനങ്ങളും സുതാര്യവും നീതിയുക്തവുമായി പൂർത്തിയാക്കുമെന്നും രാഷ്ട്രീയ പാർട്ടികളുടെ സഹകരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാർ (B.L.O) വീടുകളിലെത്തി വോട്ടർമാർക്ക് ആവശ്യമായ ഫോമുകൾ നൽകുകയും വിവരങ്ങളുടെ പരിശോധന, പുതുതായി പേര് ചേർക്കൽ, തിരുത്തലുകൾ എന്നിവയിൽ സഹായിക്കുകയും ചെയ്യും.

തുടർന്ന് പുറത്തിറക്കുന്ന കരട് വോട്ടർപട്ടിക പൊതുജന പരിശോധനക്കായി ലഭ്യമാക്കും. ഈ ഘട്ടത്തിൽ ലഭിക്കുന്ന അവകാശവാദങ്ങളും എതിർപ്പുകളും പരിശോധിച്ച്, ആവശ്യമായ ഹിയറിങ്ങുകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ഡിസംബറിൽ അന്തിമ പട്ടിക പുറത്തുവിടുക. അർഹരായ ഒരാൾ പോലും ഒഴിവാക്കപ്പെടാതെ വോട്ടർപട്ടിക വിശ്വാസയോഗ്യമാക്കുകയാണ് ഈ ദൗത്യത്തിലൂടെ ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.

Related Articles

- Advertisement -spot_img

Latest Articles