ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും ഉഭയകക്ഷി ബന്ധങ്ങളും ചർച്ച ചെയ്യുന്നതിനായി ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി ചൊവ്വാഴ്ച ടെഹ്റാനിലെത്തുമെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി അദ്ദേഹം നിർണ്ണായക കൂടിക്കാഴ്ച നടത്തും.
ഹോർമുസ് കടലിടുക്കിന്റെ അതിർത്തി പങ്കിടുന്ന അയൽരാജ്യങ്ങൾ എന്ന നിലയിൽ മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സഹകരണം ശക്തമാക്കുന്നതിനുമുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി വ്യക്തമാക്കി.
മേഖലയിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടയിൽ സമുദ്രപാത വഴിയുള്ള ചരക്ക് ഗതാഗത സുരക്ഷയ്ക്കും തർക്ക പരിഹാരങ്ങൾക്കുമായി ഇരുരാജ്യങ്ങളും തമ്മിൽ നിരന്തരം ചർച്ചകൾ നടന്നു വരുന്നുണ്ട്.



