മക്ക സംയുക്ത പ്രതിരോധ കരാറിൽ ചേരുന്ന കാര്യം സിറിയയുടെ പരിഗണനയിൽ

ഡമസ്‌കസ്: മക്ക സംയുക്ത പ്രതിരോധ കരാറിൽ  പങ്കാളിയാകുന്ന കാര്യം പരിഗണനയിലാണെങ്കിലും ഇതുവരെ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് സിറിയൻ വിദേശകാര്യ മന്ത്രി അസാദ് അൽ ഷൈബാനി വ്യക്തമാക്കി. വിഷയത്തിൽ ഉചിതമായ സമയത്ത് നിലപാട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഔദ്യോഗിക ഇസ്ലാമാബാദ് സന്ദർശന വേളയിൽ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മറ്റ് രാജ്യങ്ങളുമായുള്ള സഖ്യങ്ങളിൽ ഇസ്രായേലിന്റെ യാതൊരുവിധ ഇടപെടലുകളും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ആരുമായി പങ്കാളിത്തം വേണമെന്ന് തീരുമാനിക്കാനുള്ള പരമാധികാരം സിറിയയ്ക്കുണ്ടെന്നും കൂട്ടിച്ചേർത്തു.

ഇത്തരമൊരു തന്ത്രപ്രധാന കരാറിനെക്കുറിച്ച് സംസാരിക്കാൻ സമയമായിട്ടില്ലെന്നും, ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കുകയാണ് സിറിയയുടെ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം, സിറിയയും പാകിസ്ഥാനും തമ്മിലുള്ള സംയുക്ത മന്ത്രിതല സമിതി പുനരുജ്ജീവിപ്പിക്കാനും, നേരിട്ടുള്ള വിമാന സർവീസുകൾ തുടരാനും, ഒരു ബിസിനസ് കൗൺസിലും നിക്ഷേപ ഫോറവും രൂപീകരിക്കാനും ധാരണയായതായി അദ്ദേഹം വ്യക്തമാക്കി.

ഇരുരാജ്യങ്ങൾക്കും സമാനമായ കാഴ്ചപ്പാടാണുള്ളതെന്നും ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ ഇരുപക്ഷവും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുനർനിർമ്മാണം, സാമ്പത്തിക സഹകരണം, മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും പങ്കാളികളുമായി ശക്തമായ ബന്ധം സ്ഥാപിക്കൽ എന്നിവയ്ക്കാണ് പുതിയ വിദേശനയത്തിൽ സിറിയ മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഗസ്റ്റ് 7-ന് മക്കയിൽ നടന്ന ത്രിരാഷ്ട്ര ഉച്ചകോടിയിലാണ് സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചരിത്രപരമായ ഈ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്.

ഏതൊരു വിദേശ അധിനിവേശത്തെയും സംയുക്തമായി ചെറുക്കുക എന്നതാണ് ഈ പ്രതിരോധ കരാറിന്റെ പ്രധാന ലക്ഷ്യം. കരാറിലേർപ്പെട്ടിരിക്കുന്ന മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന സായുധ ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും സുരക്ഷാ സഹകരണം കൂടുതൽ ശക്‌തമാക്കുമെന്നും ഉച്ചകോടിക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

Related Articles

- Advertisement -spot_img

Latest Articles