മഡ്രിഡ്: ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്. കിലിയൻ എംബാപ്പെയുടെ തകർപ്പൻ ഹാട്രിക്കാണ് റയലിന് ഈ മിന്നും ജയം സമ്മാനിച്ചത്. ആധികാരിക ജയത്തോടെ റയൽ മഡ്രിഡ് ലാ ലിഗ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. 13 വർഷങ്ങൾക്ക് ശേഷം പരിശീലകനായി ജോസെ മൗറീഞ്ഞോ റയൽ മഡ്രിഡിൽ തിരിച്ചെത്തിയ ശേഷമുള്ള ആദ്യ ഹോം മത്സരം കൂടിയായിരുന്നു ഇത്.
ആദ്യ പകുതിയിൽ റയൽ താളം കണ്ടെത്താൻ പാടുപെടുകയും ഗാലറിയിൽ നിന്ന് ആരാധകരുടെ കൂവൽ നേരിടുകയും ചെയ്തെങ്കിലും രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. മത്സരത്തിന്റെ 40-ാം മിനിറ്റിൽ എംബാപ്പെയിലൂടെ റയൽ അക്കൗണ്ട് തുറന്നെങ്കിലും, നാല് മിനിറ്റിനുള്ളിൽ ജോബ് ഒച്ചിയെങ്ങിന്റെ മുന്നേറ്റത്തിൽ നിന്ന് ലൂക്ക സുസിച്ച് സൊസൈഡാഡിനായി സമനില ഗോൾ നേടി. തുടർന്ന് 60-ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ പാസിൽ നിന്ന് എംബാപ്പെ റയലിന്റെ രണ്ടാം ഗോൾ നേടി.
68-ാം മിനിറ്റിൽ ബെല്ലിങ്ഹാമിന്റെ മികച്ചൊരു മുന്നേറ്റത്തിൽ നിന്ന് വിനീഷ്യസ് ജൂനിയർ മൂന്നാം ഗോളും നേടി ലീഡ് ഉയർത്തി. തുടർന്ന് 80-ാം മിനിറ്റിൽ വിനീഷ്യസിന്റെ പാസിൽ നിന്ന് മനോഹരമായ ചിപ്പിലൂടെ എംബാപ്പെ തന്റെ ഹാട്രിക് തികച്ചു. എംബാപ്പെ ഈ ടീമിൽ ചരിത്രം സൃഷ്ടിക്കാൻ വിശന്നിരിക്കുകയാണെന്നും, ആദ്യ പകുതിയിലെ ആരാധകരുടെ കൂവലുകൾ കളിക്കാരെ മെച്ചപ്പെടാൻ സഹായിക്കുമെന്നും മത്സരശേഷം മൗറീഞ്ഞോ പ്രതികരിച്ചു.



