ടിബറ്റിൽ അണക്കെട്ട് തകർന്നു; നേപ്പാളിൽ വീണ്ടും പ്രളയസാധ്യത, ജാഗ്രതാ നിർദേശം

കാഠ്മണ്ഡു: ടിബറ്റ് അതിർത്തി മേഖലയിലെ അണക്കെട്ട് തകർന്നതായി നേപ്പാൾ പോലീസ് അറിയിച്ചു. രാജ്യത്ത് വീണ്ടും അതിതീവ്ര പ്രളയമുണ്ടാകാൻ സാധ്യതയുള്ളതിനാൽ സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും പൊതുജനങ്ങളും എത്രയും പെട്ടെന്ന് സുരക്ഷിതമായ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറണമെന്ന് പോലീസ് നിർദേശം നൽകി. രണ്ട് ദിവസം മുമ്പുണ്ടായ ഹിമാനി തകർച്ചയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ നേപ്പാളിൽ 469 പേർ മരണപ്പെടുകയും നൂറുകണക്കിന് ആളുകളെ കാണാതാവുകയും ചെയ്തിരുന്നു.

ടിബറ്റിൽ വീണ്ടും പ്രളയസാധ്യത ഉയർന്നതിനെ തുടർന്ന് ചൈന രക്ഷാപ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ചൈന-നേപ്പാൾ അതിർത്തിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് രൂപപ്പെട്ട തടാകം കരകവിഞ്ഞ് രക്ഷാപ്രവർത്തകർ നിന്നിരുന്ന പ്രദേശങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തിയതായി ചൈനീസ് മാധ്യമമായ സി.സി.ടി.വി റിപ്പോർട്ട് ചെയ്തു. നിലവിലെ സ്ഥലങ്ങളിൽ തുടർന്ന് അധികൃതരുടെ നിർദേശങ്ങൾക്കായി കാത്തിരിക്കാൻ രക്ഷാപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ നെയ്ജിയാങിലുള്ള ലോങ്ചാങ് നഗരത്തിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായതായി ചൈന എർത്ത്‌ക്വേക്ക് നെറ്റ്‌വർക്ക്സ് സെന്റർ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles