മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് വാക്കേറ്റം: കോൺഗ്രസ് നേതാവ് ചേന്തി അനിലിനെ സസ്പെൻഡ് ചെയ്തു, അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം ചേന്തിയിൽ ചതയദിന പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങാൻ ശ്രമിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടഞ്ഞ് വാക്കേറ്റം നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവും ഡി.സി.സി അംഗവുമായ ചേന്തി അനിലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനം. കെ.പി.സി.സി നിർദേശപ്രകാരം ഡി.സി.സി പ്രസിഡന്റ് എൻ. ശക്തൻ ഇന്നുതന്നെ നടപടി ഔദ്യോഗികമായി പ്രഖ്യാപിക്കും. സംഭവത്തിൽ ചേന്തി അനിലിനെ ഒന്നാം പ്രതിയാക്കി ശ്രീ കാര്യ പോലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അവിഹിതമായി തടഞ്ഞുവെക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ചേന്തിയിലെ ചതയദിന പരിപാടി ഉദ്ഘാടനം ചെയ്യാമെന്ന് മുഖ്യമന്ത്രി ആദ്യം സമ്മതിച്ചിരുന്നെങ്കിലും, വേദിയിൽ ക്രിമിനൽ പശ്ചാത്തലമുള്ള ചിലർ ഉണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് മുന്നറിയിപ്പിനെ തുടർന്ന് അദ്ദേഹം പിന്മാറുകയായിരുന്നു. കൊച്ചിയിലേക്കുള്ള ട്രെയിൻ സമയത്തിന്റെ തിരക്കു കാരണമാണ് ചടങ്ങ് ഒഴിവാക്കിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വിശദീകരണം. തുടർന്ന് ചെമ്പഴന്തിയിലെ ജയന്തി സമ്മേളനത്തിലേക്ക് പോകും വഴി ചേന്തി അനിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വാഹനം തടയുകയായിരുന്നു. കാറിൽ നിന്നിറങ്ങി കാര്യമന്വേഷിച്ച മുഖ്യമന്ത്രിയോട് അനിൽ തർക്കിക്കുകയും അപമര്യാദയായി സംസാരിക്കുകയും ചെയ്തു. അതേസമയം, മാസങ്ങൾക്ക് മുൻപേ നൽകിയ ഉറപ്പ് അവസാന നിമിഷം ലംഘിച്ച് ഉള്ളൂരിലെ കല്യാണ വീട്ടിലെത്തിയ മുഖ്യമന്ത്രി തങ്ങളുടെ പരിപാടി ഒഴിവാക്കിയതാണ് പ്രതിഷേധത്തിന് കാരണമായതെന്നാണ് ചേന്തി അനിലിന്റെ വാദം.

Related Articles

- Advertisement -spot_img

Latest Articles