അബുദാബിയിൽ വാഹനാപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

അബുദാബി: യു.എ.ഇയിലെ അബുദാബി ഷഹാമയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ദാരുണമായി കൊല്ലപ്പെട്ടു. മലപ്പുറം തൃപ്പനച്ചി സ്വദേശി നാറാണത്ത് ഹംസ കോക്കഞ്ചേരി (53), കാസർകോട് കുമ്പള സ്വദേശിയും ബേക്കൽ മൗവ്വലിൽ താമസക്കാരനുമായ മുഹമ്മദ് അഷ്‌റഫ് (54) എന്നിവരാണ് മരിച്ചത്. ഷാർജയിൽനിന്ന് അബുദാബിയിലേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഷഹാമയിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അജ്ഞാതർ എന്ന നിലയിലാണ് ഇവരെ പോലീസ് ആശുപത്രിയിലെത്തിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

നിലവിൽ രണ്ടുപേരുടെയും മൃതദേഹങ്ങൾ അബുദാബി മഫ്റഖ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ദീർഘകാലമായി യു.എ.ഇയിൽ പ്രവാസിയായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് അഷ്റഫ്. ഹംസ മുസ്ലിയാർ സന്ദർശക വിസയിലാണ് രാജ്യത്ത് എത്തിയിരുന്നത്. ഹംസ മുസ്ലിയാരുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ.സി.എഫ് സാമൂഹിക പ്രവർത്തകർ അറിയിച്ചു.

മരിച്ച ഹംസ മുസ്ലിയാരുടെ ഭാര്യ ആരിഫ ഇല്ലിയനാണ്. സൗദ, ആഷിഖ്, അനീസ് എന്നിവർ മക്കളും ഷാഫി മരുമകനുമാണ്. കൊല്ലപ്പെട്ട മുഹമ്മദ് അഷ്‌റഫിന്റെ ഭാര്യ നസീമയും മക്കൾ മുംതാസ്, മുനീർ, നജീല എന്നിവരുമാണ്.

Related Articles

- Advertisement -spot_img

Latest Articles