കൊല്ലം താന്നിയിൽ റിസോർട്ട് ജീവനക്കാരൻ മർദനമേറ്റ് മരിച്ച കേസ്: ഒളിവിലായിരുന്ന ഉടമ യോഹന്നാൻ പിടിയിൽ

കൊല്ലം: താന്നിയിലെ റിസോർട്ട് ജീവനക്കാരൻ മർദനമേറ്റ് മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന റിസോർട്ട് ഉടമ യോഹന്നാനെ പോലീസ് അറസ്റ്റ് ചെയ്തു. റിസോർട്ട് ജീവനക്കാരനായ മയ്യനാട് സ്വദേശി റോജർ ആഗ്നസ് (45) മരിച്ച കേസ്സിലാണ് ഇയാളെ പോലീസ് പിടിയിലാക്കിയത്. സംഭവത്തിന് പിന്നാലെ വിദേശത്തേക്ക് കടന്ന യോഹന്നാനെ തിരികെ നാട്ടിലെത്തിച്ചാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ജൂലൈ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. റിസോർട്ടിന് സമീപം കരിയിലകൾ കൂട്ടിയിട്ടതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യോഹന്നാൻ റോജറിന്റെ മുഖത്തടക്കം ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. മർദനത്തിന് ശേഷം ചികിത്സ തേടിയ റോജർ, മൂന്ന് ദിവസത്തെ അവധിക്ക് ശേഷം ജോലിയിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ ജൂലൈ 14-ന് കടുത്ത തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഡിസ്ചാർജ് ചെയ്തെങ്കിലും ജൂലൈ 24-ന് വീട്ടിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.

റോജറിന്റെ ശരീരത്തിലേറ്റ ഗുരുതരമായ പരിക്കുകളാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. റോജറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഘട്ടത്തിൽ തന്നെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി റിസോർട്ടിലെത്തിയ പോലീസ്, കേസിലെ നിർണായക തെളിവായ സി.സി.ടി.വി ദൃശ്യങ്ങൾ നീക്കം ചെയ്തതായി കണ്ടെത്തി. തെളിവ് നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

- Advertisement -spot_img

Latest Articles