ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി നടത്തിയ ദീപം തെളിയിക്കൽ പരിപാടികളെ രൂക്ഷമായി വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. “സർക്കാരിന്റെ കൈവശം ദീപങ്ങൾ തെളിയിക്കാൻ പണമുണ്ട്, എന്നാൽ ഞങ്ങൾക്ക് താമസിക്കാൻ ഹോസ്റ്റലുകൾ നിർമ്മിക്കാൻ പണമില്ലേ?” എന്ന ഇൻഡോറിലെ ഒരു വിദ്യാർത്ഥിനിയുടെ ചോദ്യം ചൂണ്ടിക്കാണിച്ചാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്. സാമൂഹിക മാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇൻഡോറിൽ സംഘടിപ്പിച്ച ‘ഛാത്രോം കി ഗൂഞ്ച്’ (വിദ്യാർത്ഥികളുടെ ശബ്ദം) പരിപാടിക്കിടെ ഗ്രാമത്തിൽ നിന്ന് നഗരത്തിൽ പഠിക്കാനെത്തിയ പെൺകുട്ടി തന്നോട് പങ്കുവെച്ച ആശങ്കകൾ രാഹുൽ ഗാന്ധി വിവരിച്ചു. നഗരങ്ങളിൽ ആവശ്യത്തിന് സർക്കാർ ഹോസ്റ്റൽ സൗകര്യങ്ങളില്ലാത്തതിനാൽ പെൺകുട്ടികൾക്ക് സ്വകാര്യ പി.ജി കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. സുരക്ഷിതമായി താമസിക്കാൻ മാത്രം ലക്ഷക്കണക്കിന് രൂപയാണ് ചെലവാകുന്നത്. പ്രതിമാസ വാടകയെക്കുറിച്ചുള്ള ആശങ്കയും ഏത് നിമിഷവും തെരുവിലാകുമോയെന്ന ഭയവും പേറിയാണ് വിദ്യാർത്ഥിനികൾ പഠനം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും, ഇത്തരം താമസസൗകര്യങ്ങളുടെ അഭാവം മൂലം നിരവധി പെൺകുട്ടികൾക്ക് പഠനം പകുതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികൾക്കുള്ള ഹൗസിംഗ് അലവൻസുകൾ വിലക്കയറ്റത്തിന് അനുസൃതമായി വർദ്ധിപ്പിക്കുന്നില്ലെന്നും അതിൽ വലിയ അഴിമതി നടക്കുന്നുണ്ടെന്നും രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കോടിക്കണക്കിന് രൂപ ചെലവഴിച്ച് കോടിക്കണക്കിന് ദീപങ്ങൾ തെളിച്ച നടപടിയെ പരാമർശിച്ചുകൊണ്ട്, ഈ പെൺകുട്ടിയുടെ ചോദ്യത്തിന് ഉത്തരം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമോ എന്നും രാഹുൽ ഗാന്ധി ചോദിച്ചു.



