ഡൽഹി വോട്ടർ പട്ടികയിൽ നിന്ന് അരവിന്ദ് കെജ്‌രിവാളും കുടുംബവും പുറത്ത്, വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ.

ഡൽഹി: വോട്ടർ പട്ടികയിൽ നിന്ന് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും കുടുംബാംഗങ്ങളുടെയും പേരുകൾ ഒഴിവാക്കപ്പെട്ടതായി ആം ആദ്മി പാർട്ടി (എ.എ.പി) ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര പുനഃപരിശോധനാ നടപടിയുടെ ഭാഗമായി നൽകിയ നോട്ടീസുകളെ തുടർന്നാണ് എ.എ.പി ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെട്ടിട്ടില്ലെന്നും, മുൻ പട്ടികയുമായി വിവരങ്ങൾ ബന്ധിപ്പിക്കാത്തതിനാലാണ് നോട്ടീസ് നൽകിയതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ വ്യക്തമാക്കി.

നവംബർ നാലിനാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
നിലവിൽ നടന്നു കൊണ്ടിരിക്കുന്ന വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി നിലവിലെ മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കും നോട്ടീസ് ലഭിച്ചിരുന്നു. മാതാപിതാക്കളും തമ്മിലുള്ള പ്രായവ്യത്യാസത്തിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അവരുടെ വിവരങ്ങൾ പരിശോധിച്ചു സ്ഥിരീകരിച്ചിട്ടുണ്ടെന്നും അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഷാലിമാർബാഗ് മണ്ഡലത്തിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ അറിയിച്ചു.

പുതിയ ഡ്രാഫ്റ്റ് വോട്ടർ പട്ടിക പ്രകാരം ഡൽഹിയിൽ ഇതുവരെ മുപ്പത്തിയൊന്ന് ലക്ഷത്തിലധികം വോട്ടർമാർക്കാണ് നോട്ടീസുകൾ അയച്ചിട്ടുള്ളത്. സ്ഥിരമായി താമസം മാറിയവർ, മരണപ്പെട്ടവർ, ഒന്നിലധികം സ്ഥലങ്ങളിൽ പേരുള്ളവർ തുടങ്ങിയ വിവിധ കാരണങ്ങളാൽ ഏകദേശം 47.5 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയ ശേഷമാണ് പുതിയ ഡ്രാഫ്റ്റ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അരവിന്ദ് കെജ്‌രിവാളിനും ഭാര്യ സുനിതാ കെജ്‌രിവാളിനും പുറമെ മാതാപിതാക്കളായ ഗോവിന്ദ് റാം കെജ്‌രിവാൾ, ഗീതാ ദേവി, മകൻ പുൽകിത് എന്നിവരുടെ പേരുകളും നോട്ടീസ് ലഭിച്ചവരുടെ പട്ടികയിലുണ്ട്. കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിൽ ഇവർ വോട്ട് രേഖപ്പെടുത്തിയിരുന്നതാണെന്നും എ.എ.പി ചൂണ്ടിക്കാണിക്കുന്നു.

വോട്ടർ പട്ടികയിൽ പേരുവിവരങ്ങൾ അപൂർണ്ണമായവർക്കോ മുൻ പട്ടികയുമായി ബന്ധിപ്പിക്കാൻ കഴിയാത്തവർക്കോ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ ആവശ്യമായ രേഖകൾ സഹിതം ഫോം-6 ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അപ്പീലുകൾ തീർപ്പാക്കുന്ന നടപടികൾ ഒക്ടോബർ പത്തിനകം പൂർത്തിയാക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles