മലപ്പുറം: ചോക്കാട്ട് പുഴയിൽ രൂപപ്പെട്ട കനത്ത മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരാൾ മരിച്ചു. നാലുപേരെ കാണാതായി. ഞായറാഴ്ച വൈകീട്ടോടെ ഒളർവട്ടം കടവിലാണ് അഞ്ചുപേർ ഉൾപ്പെട്ട ദാരുണമായ അപകടമുണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായവർക്കായി പുഴയിലും പരിസരപ്രദേശങ്ങളിലും തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ചോക്കാട്, അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പൂക്കോട്ടുംപാടത്തെ ടി.കെ. കോളനി പുഴയിലാണ് വൈകീട്ടോടെ പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ചോക്കാട് നാട്ടിൽ മഴയുണ്ടായിരുന്നില്ലെങ്കിലും ഉൾവനത്തിൽ പെയ്ത കനത്ത മഴയാണ് പുഴയിൽ പെട്ടെന്ന് ഒഴുക്ക് വർധിക്കാനും മലവെള്ളപ്പാച്ചിൽ രൂപപ്പെടാനും കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തമായ, ധാരാളം പാറക്കെട്ടുകളുള്ള ഈ പുഴ കാണാൻ ദിനംപ്രതി നിരവധി ആളുകൾ എത്താറുണ്ട്. അപകടത്തിൽപ്പെട്ടവർ നാട്ടുകാരാണോ അതോ പുറത്തുനിന്നെത്തിയ വിനോദസഞ്ചാരികളാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
സംഭവം നടന്ന പ്രദേശത്ത് വെളിച്ചക്കുറവും ഇരുട്ടും പരന്നത് രക്ഷാപ്രവർത്തനത്തിന് കനത്ത തടസ്സമായിട്ടുണ്ട്. നാട്ടുകാരും പോലീസും ചേർന്ന് പ്രാദേശികമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നിലമ്പൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘത്തിന് പുറമേ കൂടുതൽ വെളിച്ച സംവിധാനങ്ങളുമായി മറ്റ് യൂണിറ്റുകളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും എൻ.ഡി.ആർ.എഫ് സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.



