ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) വേളയിൽ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരും തർക്കങ്ങളുന്നയിച്ചവരും സമർപ്പിച്ച 37 ലക്ഷത്തിലധികം അപ്പീലുകൾ ഇപ്പോഴും തീർപ്പാകാതെ കിടക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. വിവിധ ട്രൈബ്യൂണലുകൾക്ക് മുൻപാകെ സമർപ്പിക്കപ്പെട്ട 38,20,683 അപ്പീലുകളിൽ വെറും 1,02,231 എണ്ണത്തിൽ മാത്രമാണ് ഇതുവരെ തീരുമാനമായിട്ടുള്ളത്. അതായത് 37,18,452 അപ്പീലുകൾ ഇപ്പോഴും കെട്ടിക്കിടക്കുകയാണെന്നാണ് കമ്മീഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്.
ബംഗാൾ കോൺഗ്രസിന്റെ എസ്.ഐ.ആർ സമിതി അധ്യക്ഷൻ പ്രസൻജിത് ബോസ് നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മുൻപ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം തേടിയിരുന്നു. എന്യൂമറേഷൻ ഘട്ടത്തിൽ 58 ലക്ഷം വോട്ടർമാർ ഒഴിവാക്കപ്പെട്ടുവെന്നും, ക്ലെയിമുകളും തർക്കങ്ങളും സമർപ്പിച്ച ഘട്ടത്തിൽ ഫോം 6, ഫോം 6എ മുഖേന പട്ടികയിൽ ഉൾപ്പെടാൻ 9.64 ലക്ഷം അപേക്ഷകൾ ലഭിച്ചെങ്കിലും ഫെബ്രുവരി 28-ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ കേവലം 1.82 ലക്ഷം പേരെ മാത്രമാണ് ഉൾപ്പെടുത്തിയതെന്നും ബോസ് ഹർജിയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഓഗസ്റ്റ് 25-നാണ് അപ്പീലുകളിന്മേലുള്ള കൃത്യമായ വിവരങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി കമ്മീഷന് നിർദ്ദേശം നൽകിയത്.
സംസ്ഥാനത്ത് സമർപ്പിക്കപ്പെട്ട അറുപത് ലക്ഷത്തോളം വരുന്ന ക്ലെയിമുകളും തർക്കങ്ങളും പരിശോധിച്ച് തീരുമാനമെടുക്കുന്നതിനായി മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ അധ്യക്ഷരായ 19 ട്രൈബ്യൂണലുകളാണ് സുപ്രീംകോടതി ഉത്തരവ് പ്രകാരം കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് രൂപീകരിച്ചത്. ഇതിനായി ബംഗാളിന് പുറമെ ഝാർഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള എഴുനൂറോളം ജുഡീഷ്യൽ ഓഫീസർമാരെ സേവനത്തിനായി നിയോഗിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഭൂരിഭാഗം അപ്പീലുകളും തീർപ്പാകാതെ കിടക്കുന്നത് വോട്ടർമാരെ കടുത്ത ആശങ്കയിലാഴ്ത്തുന്നുണ്ട്.



