അമേരിക്കയുമായുള്ള ചർച്ചയ്ക്ക് ഏഴ് നിബന്ധനകൾ; യു.എസിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ: നിലവിലുള്ള യുദ്ധം അവസാനിപ്പിച്ച് അമേരിക്കയുമായി ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ ആരംഭിക്കണമെങ്കിൽ ഇറാൻ മുന്നോട്ടുവെച്ച ‘അവകാശങ്ങളും ഏഴ് ഉപാധികളും’ അംഗീകരിക്കാൻ വാഷിംഗ്ടൺ തയ്യാറാകണമെന്ന് മുതിർന്ന സുരക്ഷാ തലവൻ മൊഹ്സെൻ റെസായി. തങ്ങൾ സൃഷ്ടിച്ച ചതിക്കുഴിയിൽ നിന്ന് കരകയറാനും കൂടുതൽ സങ്കീർണ്ണമായ അവസ്ഥ ഒഴിവാക്കാനും അമേരിക്ക ആഗ്രഹിക്കുന്നുവെങ്കിൽ ഇറാന്റെ നിബന്ധനകൾ അംഗീകരിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സിൽ’ (X) പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഖത്തർ മധ്യസ്ഥർ മുഖേനയാണ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള തങ്ങളുടെ ഉപാധികൾ ഇറാൻ വൈറ്റ് ഹൗസിനെ അറിയിച്ചിട്ടുള്ളതെന്ന് അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ റെസായി വെളിപ്പെടുത്തി. എല്ലാ മേഖലകളിലുമുള്ള യുദ്ധം ഉടനടി അവസാനിപ്പിക്കുക, അമേരിക്കൻ ഉപരോധത്തെ തുടർന്ന് മരവിപ്പിച്ച ഇറാന്റെ സാമ്പത്തിക ആസ്തികൾ വിട്ടുകൊടുക്കുക, ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കുക എന്നിവ ഈ നിബന്ധനകളിൽ പ്രധാനപ്പെട്ടവയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വാഷിംഗ്ടണിന്റെ ഭാഗത്തുനിന്നുള്ള ഭീഷണികൾ കൊണ്ടുമാത്രം ഒരു ഫലവും ഉണ്ടാകില്ലെന്നും, ഉപാധികൾ നിരസിച്ചാൽ നിർണ്ണായകമായ ഒരു യുദ്ധത്തിന് ഇറാൻ പൂർണ്ണ സജ്ജമാണെന്നും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായ റെസായി കൂട്ടിച്ചേർത്തു. ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥതയിൽ നടക്കുന്ന ഈ ചർച്ചാ നീക്കങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് ടെഹ്റാൻ.

Related Articles

- Advertisement -spot_img

Latest Articles