മനാമ: സ്വകാര്യ ബസിനുള്ളിൽ നാല് വയസ്സുകാരിയായ കിന്റർഗാർട്ടൻ വിദ്യാർത്ഥിനിയെ മണിക്കൂറുകളോളം പൂട്ടിയിട്ട സംഭവത്തിൽ ഡ്രൈവറെയും കൂടെയുണ്ടായിരുന്ന വനിതാ സഹായിയെയും ബഹ്റൈൻ പബ്ലിക് പ്രൊസിക്യൂഷൻ കസ്റ്റഡിയിലെടുത്തു. കടുത്ത ചൂടേറ്റ് അവശനിലയിലായ കുട്ടി നിലവിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. സ്കൂൾ സമയം കഴിഞ്ഞ് കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ ബന്ധു എത്തിയപ്പോഴാണ് വിദ്യാർത്ഥിനി സ്കൂളിൽ എത്തിയിട്ടില്ലെന്ന ഞെട്ടിക്കുന്ന വിവരം അറിയുന്നത്. തുടർന്ന് ഡ്രൈവറെ ബന്ധപ്പെട്ട് വാഹനം പരിശോധിച്ചപ്പോഴാണ് വാതിലുകളും ജനലുകളും പൂർണ്ണമായി അടച്ച നിലയിലായിരുന്ന ബസിനുള്ളിൽ കുട്ടിയെ കണ്ടെത്തിയത്.
രാവിലെ വിദ്യാർത്ഥികളെ സ്കൂളിലിറക്കി ബസ് പാർക്ക് ചെയ്യുമ്പോൾ വാഹനത്തിൽ കുട്ടികളാരെങ്കിലും ബാക്കിയുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിൽ ഡ്രൈവർക്കും അസിസ്റ്റന്റിനും ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. കുട്ടികളെ കൊണ്ടുപോകാൻ ആവശ്യമായ ഔദ്യോഗിക ലൈസൻസുകളില്ലാതെയാണ് ഇയാൾ സർവീസ് നടത്തിയിരുന്നത്. ഈ വാഹനത്തിന് സ്കൂളുമായി യാതൊരു ബന്ധവുമില്ലെന്നും ആവശ്യമായ സുരക്ഷാ ലൈസൻസുകൾ പരിശോധിക്കാതെ മാതാപിതാക്കൾ നേരിട്ട് കരാറിലേർപ്പെടുകയായിരുന്നുവെന്നും പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി. കൂടാതെ ഒപ്പമുണ്ടായിരുന്ന സ്ത്രീക്ക് ഔദ്യോഗികമായി സൂപ്പർവൈസർ തസ്തികയില്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
സംഭവത്തിൽ വിപുലമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഏഴു ദിവസത്തേക്ക് റിമാൻഡ് ചെയ്ത കേസ് ക്രിമിനൽ കോടതിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ സമാന രീതിയിൽ സ്വകാര്യ വാഹനത്തിനുള്ളിൽ കുടുങ്ങി അഞ്ചു വയസ്സുകാരനായ ഹസ്സൻ എന്ന കുട്ടി ശ്വാസംമുട്ടി മരിച്ച സംഭവം രാജ്യത്ത് വലിയ നടുക്കമുണ്ടാക്കിയിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം അപകടങ്ങളുടെ പശ്ചാത്തലത്തിൽ, ഔദ്യോഗിക അംഗീകാരവും സുരക്ഷാ ലൈസൻസുമുള്ള വാഹനങ്ങൾ മാത്രം കുട്ടികളുടെ യാത്രയ്ക്കായി ഉപയോഗിക്കണമെന്ന് പ്രൊസിക്യൂഷനും ഗതാഗത മന്ത്രാലയവും മാതാപിതാക്കൾക്ക് കർശന മുന്നറിയിപ്പ് നൽകി.



