ന്യൂയോർക്ക്: വ്യാപകമായ ഡിജിറ്റൽ ചൂഷണത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകളുമായി യുണിസെഫ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ടു. പഠനവിധേയമാക്കിയ ഇരുoപത്തിയൊന്ന് രാജ്യങ്ങളിലെ ഏകദേശം ഇരുപത് ദശലക്ഷത്തോളം വരുന്ന കുട്ടികൾ അഥവാ അഞ്ച് കുട്ടികളിൽ ഒരാൾ വീതം സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ലൈംഗികാതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയാകുന്നുണ്ടെന്ന് യുണിസെഫ് പുറത്തുവിട്ട പുതിയ പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
“കുട്ടികളുടെ കണ്ണുകളിലൂടെ : ഡിജിറ്റൽ സാങ്കേതികവിദ്യകൾ എങ്ങനെയാണ് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്ക് വഴിയൊരുക്കുന്നത്” എന്ന തലക്കെട്ടിൽ തയ്യാറാക്കിയ റിപ്പോർട്ട് ഓൺലൈൻ വഴിയുള്ള ചൂഷണങ്ങൾ വർദ്ധിച്ചുവരുന്നതിന്റെ ഭീകരതയാണ് വെളിപ്പെടുത്തുന്നത്.
പഠനത്തിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിലെ കോടിക്കണക്കിന് കുട്ടികളാണ് ആവശ്യമില്ലാത്തതും വ്യക്തമായ ലൈംഗികച്ചുവയുള്ളതുമായ ഉള്ളടക്കങ്ങൾക്കും ഓൺലൈൻ ചൂഷണങ്ങൾക്കും ഇരയായിട്ടുള്ളത്.
കുട്ടികൾ പഠിക്കുന്നതിനും കളിക്കുന്നതിനും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുന്നതിനും ഉപയോഗിക്കുന്ന ഡിജിറ്റൽ ഇടങ്ങളിൽവെച്ചാണ് ദുരനുഭവങ്ങൾ ഉണ്ടാകുന്നത്. ഇത്തരം സംഭവങ്ങൾ കുട്ടികളിൽ കടുത്ത മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്നും ഭൂരിഭാഗം കുട്ടികളും സഹായം തേടാനാകാതെ നിശബ്ദരായി ദുരിതം അനുഭവിക്കുകയാണെന്നും യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ വ്യക്തമാക്കി.
ചൂഷണങ്ങളിൽ അറുപത് ശതമാനത്തോളം കേസുകളും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ടിക് ടോക്, വാട്സാപ്പ് തുടങ്ങിയ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് നടന്നിട്ടുള്ളത്. പതിനാല് ശതമാനം കേസുകൾ ഓൺലൈൻ ഗെയിമുകൾ വഴിയും നടന്നിട്ടുണ്ട്.
കുട്ടികളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഫീച്ചറുകളും സംവിധാനങ്ങളുമാണ് ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ ഉപയോഗിക്കപ്പെടുന്നത്. ബാഹ്യരായ വ്യക്തികൾ മാത്രമല്ല, കുട്ടികൾക്ക് പരിചിതരായ സമപ്രായക്കാർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവരും ഇത്തരം ചൂഷണങ്ങൾക്ക് പിന്നിലുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഡിജിറ്റൽ ചൂഷണത്തിന് ഇരയാകുന്ന കുട്ടികളിൽ ആത്മഹത്യാ പ്രവണതയും സ്വയം ഉപദ്രവിക്കാനുള്ള പ്രവണതയും സാധാരണ കുട്ടികളെ അപേക്ഷിച്ച് നാലിരട്ടി അധികമാണെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. ഇതര മാനസിക പ്രശ്നങ്ങളും ഇവരിൽ വളരെ കൂടുതലാണ്.
അതിക്രമങ്ങൾക്ക് ഇരയാകുന്ന നാൽപ്പത് ശതമാനത്തിലധികം കുട്ടികളും വിവരങ്ങൾ ആരോടും പങ്കുവെക്കാറില്ലെന്നും, കേവലം ഒരു ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് പോലീസിലോ മറ്റ് അധികാരികളുടെ അടുത്തോ പരാതിപ്പെടാൻ തയ്യാറാകുന്നത് എന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സഹായം തേടേണ്ടത് എവിടെയാണെന്ന് അറിയാത്തതാണ് കുട്ടികൾ മൗനം പാലിക്കാൻ പ്രധാന കാരണം.
ഡിജിറ്റൽ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാരുകളും സാങ്കേതിക കമ്പനികളും അടിയന്തരമായി ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് യുണിസെഫ് ആവശ്യപ്പെടുന്നു. കുട്ടികൾക്കായുള്ള സ്വകാര്യതാനയങ്ങൾ ശക്തമാക്കുക, അപരിചിതരായ മുതിർന്നവരിൽ നിന്നുള്ള അനാവശ്യ സമ്പർക്കങ്ങൾ നിയന്ത്രിക്കുക, നിയമങ്ങളും നിയന്ത്രണങ്ങളും കർശനമാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് റിപ്പോർട്ടിൽ മുന്നോട്ടുവെച്ചിട്ടുള്ളത്.



