ഹൂതി ആക്രമണ ഭീഷണി ശക്തം; ദഹ്റാനിലെ ആസ്ഥാന ഓഫീസ് പൂർണ്ണമായി ഒഴിപ്പിച്ച് സൗദി അറാംകോ

ദമ്മാം: യെമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, കിഴക്കൻ സൗദി അറേബ്യയിലെ ദഹ്റാനിലുള്ള ആസ്ഥാന ഓഫീസ് പൂർണ്ണമായും ഒഴിപ്പിക്കാൻ സൗദി എണ്ണ ഭീമനായ ‘അറാംകോ’ (Saudi Aramco) നിർദ്ദേശം നൽകി. ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി, ഓഫീസിൽ നേരിട്ടെത്തി പ്രവർത്തിച്ചിരുന്ന അവശ്യ ജീവനക്കാരോട് ഉൾപ്പെടെ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ (Work from Home) ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ച കമ്പനി ആസ്ഥാനത്തിന് നേരെ ആക്രമണ ശ്രമം ഉണ്ടായതിനെ തുടർന്ന് മിക്ക ജീവനക്കാരും ഇതിനോടകം തന്നെ റിമോട്ട് രീതിയിലേക്ക് മാറിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഓഫീസിൽ തുടർന്ന ശേഷിച്ച ജീവനക്കാരെയും പൂർണ്ണമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. രാജ്യത്തെ സുപ്രധാന എണ്ണ-ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സൗദിയിൽ ഉടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

ജീവനക്കാരുടെ ജീവന് മുൻഗണന നൽകുന്നതിനൊപ്പം, റിമോട്ട് വർക്കിംഗ് സംവിധാനങ്ങളിലൂടെ എണ്ണ ഉൽപ്പാദനവും കമ്പനിയുടെ മറ്റ് സുപ്രധാന പ്രവർത്തനങ്ങളും തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് അറാംകോ ലക്ഷ്യമിടുന്നത്. അതേസമയം, സുരക്ഷാ സാഹചര്യം വിലയിരുത്തി ഏർപ്പെടുത്തിയിട്ടുള്ള ഈ താൽക്കാലിക ക്രമീകരണങ്ങൾ എത്രനാൾ നീണ്ടുനിൽക്കുമെന്ന കാര്യത്തിൽ കമ്പനി അധികൃതർ ഇതുവരെ ഔദ്യോഗികമായി കൂടുതൽ വ്യക്തത വരുത്തിയിട്ടില്ല

Related Articles

- Advertisement -spot_img

Latest Articles