26.8 C
Saudi Arabia
Sunday, March 22, 2026
spot_img

ശിരോവസ്ത്ര വിലക്ക്; സ്‌കൂളിന് ഗുരുതര വീഴ്‌ച, വിദ്യാർഥിനിക്ക് പഠനം തുടരാം – വി ശിവൻകുട്ടി

തിരുവനന്തപുരം: എറണാകുളം പള്ളുരുത്തിയിലെ സെൻറ് റീത്താസ് പബ്ലിക് സ്‌കൂളിൽ, എട്ടാം ക്‌ളാസ് വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ക്ലാസിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ കർശന നിലപാടുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വിദ്യാർഥിനിക്കെതിരെ സ്‌കൂൾ സ്വീകരിച്ച നടപടി ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ ലംഘനവുമാണെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർഥിനിക്ക് ശിരോവസ്ത്രം ധരിച്ച് തുടർ പഠനം നടത്താൻ അനുമതി നൽകണമെന്നും മന്ത്രി അറിയിച്ചു.

വിദ്യാർഥിനിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്ന് സർക്കാർ അടിയന്തിരമായി ഇടപെട്ടു. എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ നടത്തിയ അന്വേഷണത്തിൽ സ്‌കൂൾ അധികൃതർ ഗുരുതര വീഴ്‌ച നടത്തിയതായി കണ്ടെത്തി. ശിരോവസ്ത്രം ധരിച്ചതിന്റെ പേരിലാണ് വിദ്യാർഥിയെ സ്‌കൂളിൽ നിന്നും പുറത്താക്കിയത്. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മതാചാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണിതെന്ന് അന്വേഷണറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിന്റെ അടിസ്ഥാനത്തിൽ, വിദ്യാർഥിനിക്ക് മതത്തിൻറെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളിൽ പഠനം തുടരാൻ അനുമതി നൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്‌കൂൾ അധികൃതർക്ക് തീരുമാനിക്കാമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർഥിനിക്കും രക്ഷിതാക്കൾക്കും ഉണ്ടായ മാനസിക വിഷമങ്ങൾ പരിഹരിക്കണമെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് 2025 ഒക്ടോബർ 15 ന് രാവിലെ 11 മണിക്ക് മുമ്പ് സമർപ്പിക്കാൻ സ്‌കൂൾ പ്രിൻസിപ്പലിനും മാനേജർക്കും നിർദേശം നൽകി.

“മതേതര മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന കേരളത്തിൽ, ഒരു വിദ്യാർഥിക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ പാടില്ല. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ല.” മന്ത്രി വാർത്താകുറിപ്പിൽ അറിയിച്ചു. ഈ വിഷയത്തിൽ സർക്കാർ തുടർന്നും ജാഗ്രത പുലർത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles