കോഴിക്കോട്: പ്രവാസലോകത്തെ ഏറ്റവും വലിയ പരസ്പര സഹായ പദ്ധതിയായ സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ 2026 വർഷത്തെ രണ്ടാംഘട്ട ആനുകൂല്യ വിതരണവും വിവിധ സി.എച്ച്. സെന്ററുകൾക്കുള്ള ധനസഹായ കൈമാറ്റവും ആഗസ്റ്റ് 7 വെള്ളിയാഴ്ച കോഴിക്കോട്ട് നടക്കും. ചടങ്ങിൽ ശിഹാബ് തങ്ങൾ അനുസ്മരണവും ഹാഷിം എൻജിനീയർ സ്മാരക അവാർഡ് ദാനവും നടക്കും. കോഴിക്കോട് ലീഗ് ഹൗസിൽ വെച്ച് നടക്കുന്ന ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗിന്റെയും വിവിധ പോഷക ഘടകങ്ങളുടെയും സമുന്നതരായ ദേശീയ-സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
ഉച്ചയ്ക്ക് 2:30ന് ആദ്യ സെഷനിൽ സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് സി പി സൈതലവി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തും. തുടർന്ന് വിവിധ സി എച്ച് സെന്ററുകൾക്കുള്ള സഊദിയിലെ വിവിധ സെൻട്രൽ കമ്മിറ്റികളുടെ ധനസഹായം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ വിതരണം ചെയ്യും. തുടർന്ന് ഉച്ചക്ക് മൂന്നര മണിക്ക് സാമൂഹ്യ സുരക്ഷ പദ്ധതി ആനൂകൂല്യ വിതരണവും, ഏഴാമത് ഹാഷിം എൻജിനീയർ കർമ്മ പുരസ്കാര ദാനവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.
പതിമൂന്ന് വർഷമായി മാതൃകാപരമായി നടന്നുവരുന്ന കെഎംസിസി കേരള ട്രസ്റ്റിന് കീഴിലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഇക്കൊല്ലത്തെ രണ്ടാം ഘട്ട ആനുകൂല്യ വിതരണത്തിൽ 64 പേരുടെ നിരാലംബരായ കുടുംബങ്ങൾക്കാണ് നൽകുന്നത്. ഇക്കൊല്ലത്തെ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കെ വിവിധ കാരണങ്ങളാൽ മരണപെട്ടവരാണ് 64 പേരും. അപ്രതീക്ഷിതമായി വിടവാങ്ങുന്ന കുടുംബനാഥന്റെ വേർപാടിൽ ജീവിതം അനിശ്ചിതത്വത്തിലാകുന്ന കുടുംബങ്ങൾക്ക് വലിയൊരു തണലാവുകയാണ് കെഎംസിസി. മൂന്നര കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങളാണ് ഈ രണ്ടാം ഘട്ടത്തിൽ ആശ്രിതർക്ക് നൽകുന്നത്.
കോഴിക്കോട് ആസ്ഥാനമായി നിയമപരമായി പ്രവർത്തിക്കുന്ന കെ.എം.സി.സി കേരള ട്രസ്റ്റിന്റെ കീഴിലാണ് സമാനതകളില്ലാത്ത ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്. വാർത്താ സമ്മേളനത്തിൽ വേൾഡ് കെഎംസിസി പ്രസിഡണ്ട് കെ പി മുഹമ്മദ്കുട്ടി, സഊദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, ചെയർമാൻ ഖാദർ ചെങ്കള, നാഷണൽ കമ്മിറ്റി ഭാരവാഹികളായ ബഷീർ മൂന്നിയൂർ, സൈദ് മൂന്നിയൂർ, സുരക്ഷ പദ്ധതി കോ ഓർഡിനേറ്റർ റഫീഖ് പാറക്കൽ എന്നിവർ പങ്കെടുത്തു.



