ന്യൂഡൽഹി: ജൂലൈ 20-ന് ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഡൽഹി പൊലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും ക്രൂരമായ അതിക്രമങ്ങൾ അഴിച്ചുവിട്ടതായും, മുസ്ലിം നാമധാരികളെ പ്രത്യേകമായി ലക്ഷ്യമിട്ട് ‘ദേശവിരുദ്ധരായി’ ചിത്രീകരിക്കാൻ ശ്രമിച്ചതായും വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഉത്തർപ്രദേശിൽ നിന്നുള്ള സർവകലാശാലാ വിദ്യാർത്ഥിനി ഫർഹനാസാണ് ഡൽഹിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ പൊലീസിന്റെ മുൻവിധിയോടെയുള്ള അതിക്രമങ്ങൾ തുറന്നുപറഞ്ഞത്.
സമാധാനപരമായി പ്രതിഷേധിച്ച തങ്ങളെ പൊലീസ് മർദ്ദിക്കുകയും മൂന്ന് മണിക്കൂറോളം ബസ്സിൽ തടഞ്ഞുവെക്കുകയും ചെയ്തതായി ഫർഹനാസ് പറഞ്ഞു. പേര് ‘ഫർഹനാസ്’ ആണെന്ന് അറിഞ്ഞതോടെ ‘ദേശവിരുദ്ധരുടെ’ പ്രത്യേക പട്ടിക തയ്യാറാക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ‘വന്ദേമാതരം’, ‘ഭാരത് മാതാ കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി സമാധാനപരമായി സമരം ചെയ്തവരെയാണ് പൊലീസ് ദേശവിരുദ്ധരാക്കാൻ ശ്രമിച്ചതെന്നും, നിയമനടപടിയുമായി മുന്നോട്ട് പോയാൽ ഭവിഷ്യത്ത് അനുഭവിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവർ വ്യക്തമാക്കി. എന്നാൽ ഇത്തരം അടിച്ചമർത്തലുകൾ കൊണ്ട് അവകാശ പോരാട്ടങ്ങളിൽ നിന്ന് തങ്ങളെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് വിദ്യാർത്ഥിനി കൂട്ടിച്ചേർത്തു.
സർക്കാരിനെതിരെ ശബ്ദമുയർത്തുന്നവരെ ഓട്ടോമാറ്റിക്കായി മുസ്ലിങ്ങളും ‘ദേശവിരുദ്ധരും’ എന്ന് മുദ്രകുത്തുന്ന പ്രവണതയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മുസ്കാൻ എന്ന മറ്റൊരു വിദ്യാർത്ഥിനിയും ആരോപിച്ചു. സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങളും ട്രോളുകളും ഭരണകൂടത്തിന്റെ ഇത്തരം ആഖ്യാനങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും തങ്ങൾക്ക് നേരെ നടന്ന അതിക്രമങ്ങളിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും വിദ്യാർത്ഥികൾ മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി.



