ന്യൂയോർക്ക്: 2020 ആഗസ്റ്റിൽ ലെബനനെ നടുക്കിയ ബെയ്റൂത്ത് തുറമുഖ സ്ഫോടനത്തിന്റെ ആറാം വാർഷിക വേളയിൽ, സംഭവവുമായി ബന്ധപ്പെട്ട് നിലച്ചുപോയ അന്വേഷണ നടപടികൾ അടിയന്തരമായി വേഗത്തിലാക്കാൻ ലെബനൻ അധികാരികളോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. അതോടൊപ്പം, രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് അനുയോജ്യമായ ഘടനാപരമായ പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്നും യു.എൻ നിർദ്ദേശിച്ചു. കേസിന്റെ അന്വേഷണം വേഗത്തിലാക്കാൻ ഉത്തരവാദപ്പെട്ട എല്ലാ കേന്ദ്രങ്ങളും ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ലെബനനിലെ യു.എൻ സ്പെഷ്യൽ കോർഡിനേറ്റർ ഓഫീസിന്റെ ചുമതലയുള്ള ജീൻ അർണോൾട്ട് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
2020 ആഗസ്റ്റ് 4-നാണ് സുരക്ഷാ മുൻകരുതലുകളൊന്നുമില്ലാതെ വർഷങ്ങളായി തുറമുഖത്തെ വെയർഹൗസിൽ സൂക്ഷിച്ചിരുന്ന 2,750 ടൺ അമോണിയം നൈട്രേറ്റിന് തീപിടിച്ച് രാജ്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്ഫോടനങ്ങളിലൊന്ന് സംഭവിച്ചത്. ദുരന്തത്തിൽ 218-ലേറെ പേർ കൊല്ലപ്പെടുകയും ഏഴായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകൾക്ക് വീട് നഷ്ടപ്പെടുകയും ബെയ്റൂത്ത് നഗരത്തിന്റെ വലിയൊരു ഭാഗം പൂർണ്ണമായി തകരുകയും ചെയ്തിരുന്നു. എന്നാൽ ആറ് വർഷം പിന്നിട്ടിട്ടും അന്വേഷണം പൂർത്തിയാക്കാനോ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനോ സാധിച്ചിട്ടില്ല. കേസ് അന്വേഷിച്ച ജഡ്ജി താരെഖ് ബിത്താറിന് നേരിടേണ്ടി വന്ന നിയമതടസ്സങ്ങളും രാഷ്ട്രീയ ഇടപെടലുകളുമാണ് അന്വേഷണം വൈകാൻ കാരണമായത്.
ഉന്നത നേതാക്കളെയും അധികൃതരെയും രക്ഷിക്കാൻ സർക്കാർ നീക്കങ്ങൾ നടത്തുന്നുവെന്ന് ഇരകളുടെ കുടുംബങ്ങളും മനുഷ്യാവകാശ സംഘടനകളും കുറ്റപ്പെടുത്തി. അതേസമയം, കേസിൽ രാജ്യാന്തര തലത്തിലുള്ള സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യങ്ങൾ ഉയർന്നുവരുന്നുണ്ടെങ്കിലും അന്വേഷണ ചുമതല വിദേശ ഏജൻസികൾക്ക് കൈമാറാൻ ലെബനൻ ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല. ദുരന്തത്തിന്റെ ഇരകൾക്കൊപ്പം യു.എൻ നിലകൊള്ളുമെന്നും ആവശ്യമായ ഉപദേശങ്ങൾ നൽകുമെന്നും എന്നാൽ ലെബനനിൽ തങ്ങൾക്ക് നേരിട്ട് നീതിന്യായ അധികാരമില്ലെന്നും യു.എൻ വക്താവ് വ്യക്തമാക്കി.



