ജെറുസലേം: കിഴക്കൻ ജെറുസലേമിലെ പഴയ നഗരത്തിലുള്ള ചരിത്രപ്രസിദ്ധമായ അർമേനിയൻ ക്രിസ്ത്യൻ പള്ളിക്ക് നേരെ ഇസ്രായേലി കുടിയേറ്റക്കാരുടെ അക്രമ പരമ്പര. പള്ളിയുടെ കവാടത്തിന് നേർക്ക് എത്തിയ സംഘം കൂട്ടമായി തുപ്പുകയും കല്ലേറ് നടത്തുകയും ചെയ്തതായി ഫലസ്തീന്റെ ജെറുസലേം ഗവർണറേറ്റ് അറിയിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഗവർണറേറ്റ് പുറത്തുവിട്ടിട്ടുണ്ട്. പ്രദേശത്തെ വിശുദ്ധ ക്രൈസ്തവ കേന്ദ്രങ്ങൾക്കും തീർത്ഥാടകർക്കും നേരെ ഇസ്രായേലി തീവ്രവാദികൾ തുടർച്ചയായി നടത്തുന്ന അതിക്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണിത്.
പള്ളികൾക്കും പുരോഹിതർക്കും ക്രൈസ്തവ സമൂഹത്തിനും എതിരായ അതിക്രമങ്ങൾ വർധിക്കുന്നതിൽ ഹൈയർ പ്രസിഡൻഷ്യൽ കമ്മിറ്റി ഫോർ ചർച്ച് അഫയേഴ്‌സ് കടുത്ത ആശങ്ക രേഖപ്പെടുത്തി. ഈ വർഷം മാത്രം ഇസ്രായേലി കുടിയേറ്റക്കാരോ സൈന്യമോ ജെറുസലേമിൽ നടത്തിയ 50-ലധികം ആക്രമണങ്ങളുടെ വിവരങ്ങൾ കമ്മിറ്റി ശേഖരിച്ചിട്ടുണ്ട്. 2023 ഒക്ടോബറിൽ ഗാസയിൽ ആക്രമണം ആരംഭിച്ചതിനുശേഷം വെസ്റ്റ് ബാങ്കിലും കിഴക്കൻ ജെറുസലേമിലും ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ഫലസ്തീനികൾക്കെതിരായ പീഡനങ്ങൾ രൂക്ഷമായി തുടരുകയാണെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഫലസ്തീനിയൻ ക്രൈസ്തവർ നേരിടുന്ന ഭീഷണികളും പീഡനങ്ങളും അമേരിക്കയിലെ ‘ക്രിസ്ത്യൻ സയണിസ്റ്റുകൾ’ ബോധപൂർവ്വം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രമുഖ ഫലസ്തീൻ ക്രൈസ്തവ നേതാവും ബെത്‌ലഹേം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആൻഡ് ജസ്റ്റിസ് ഡയറക്ടറുമായ ഫാദർ മുൻതർ ഐസക് കുറ്റപ്പെടുത്തി. ജെറുസലേമിൽ അധിനിവേശ ശക്തികളിൽ നിന്നും കുടിയേറ്റക്കാരിൽ നിന്നും ക്രിസ്ത്യാനികൾ ദിനംപ്രതി ആക്രമണങ്ങൾ നേരിടുകയാണെന്നും, കുടിയേറ്റക്കാരുടെ അക്രമ ഭയം കാരണം വെസ്റ്റ് ബാങ്കിലെ പ്രവിശ്യകളിൽ ഒലിവ് കൃഷി ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് ക്രൈസ്തവ പുരോഹിതനായ ഫാദർ ബാഷർ ഫവാദ്‌ലെയും വെളിപ്പെടുത്തി



