ആഗോള പൊതുജനാരോഗ്യ രംഗത്ത് തിളക്കമാർന്ന നേട്ടം: ഡോ. കെ. സുരേഷ് കുമാറിന് ലോകാരോഗ്യ സംഘടനയുടെ പുരസ്കാരം.

 

കോഴിക്കോട് :പൊതുജനാരോഗ്യ രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് ലോകാരോഗ്യ സംഘടനയുടെ 2026 ലെ സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയണൽ അവാർഡ് ഡോ: കെ. സുരേഷ് കുമാറിന് ലഭിച്ചു. ആരോഗ്യമേഖലയിൽ നിർണായകവും മാതൃകാപരവുമായ ഇടപെടലുകൾ നടത്തിയ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനായി നൽകുന്നതാണ് ഈ പുരസ്കാരം.

സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിൽ ഡോ സുരേഷ് നൽകിയ നേതൃപരമായ പങ്കും നൂതനമായ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അംഗീകാരം അദ്ദേഹത്തെ തേടിയെത്തിയത്.
പാലിയേറ്റീവ് കെയർ അഥവാ സാന്ത്വന പരിചരണ രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെയായി ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു വരുന്ന വ്യക്തിയാണ് ഡോ. കെ. സുരേഷ് കുമാർ. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ സ്ഥാപകനായ അദ്ദേഹം, ലോകമെമ്പാടും മാതൃകയാക്കപ്പെടുന്ന ‘കേരള മോഡൽ’ പാലിയേറ്റീവ് കെയറിന്റെ ഉപജ്ഞാതാവാണ്. സന്നദ്ധപ്രവർത്തകർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയെ ഏകോപിപ്പിച്ചു കൊണ്ടുള്ള കമ്മ്യൂണിറ്റി അധിഷ്ഠിത സമീപനം വളരെ കുറഞ്ഞ ചെലവിലും എന്നാൽ ഏറെ ഫലപ്രദമായും സാന്ത്വന പരിചരണം രോഗികളിലെത്തിക്കാൻ സഹായിക്കുന്ന നൂതന മാതൃക ഇന്ന് നിരവധി രാജ്യങ്ങളിൽ നടപ്പിലാക്കിവരുന്നു.

ഡോ. സുരേഷ് കുമാറിന് പുറമെ തായ്‌ലൻഡിൽ നിന്നുള്ള ഡോ. നിത്തായ ഫാനുഫാക്, നേപ്പാളിലെ നേത്ര ജ്യോതി സംഘ് എന്നിവരും ഈ വർഷത്തെ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്. എച്ച്.ഐ.വി പ്രതിരോധ രംഗത്തെ പ്രവർത്തനങ്ങൾക്കാണ് ഡോ. നിത്തായ ഫാനുഫാക്കിനെ പുരസ്കാരം നൽകി ആദരിക്കുന്നത്. കാഴ്ചശക്തി വീണ്ടെടുക്കുന്നതിനും അന്ധത നിർമാർജനം ചെയ്യുന്നതിനും നേപ്പാളിൽ നടത്തിവരുന്ന മികച്ച പ്രവർത്തനങ്ങൾക്കാണ് നേത്ര ജ്യോതി സംഘിനെ അവാർഡിനായി തിരഞ്ഞെടുത്തത്. ആകെ ലഭിച്ച 102 നാമനിർദ്ദേശങ്ങളിൽ നിന്നാണ് വിദഗ്ധ സമിതി അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. പൊതുജനാരോഗ്യരംഗത്തെ സ്വാധീനം, നൂതനമായ ആശയങ്ങൾ, പ്രവർത്തനങ്ങളുടെ സുസ്ഥിരത എന്നിവയാണ് പുരസ്കാര നിർണയത്തിൽ പ്രധാനമായും പരിഗണിച്ചത്. സെപ്റ്റംബറിൽ തിമോർ-ലെസ്റ്റിലെ ദിലിയിൽ വെച്ച് നടക്കുന്ന ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയണൽ കമ്മിറ്റി സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.

Related Articles

- Advertisement -spot_img

Latest Articles