ക്വാലാലംപൂർ: ഗസയിലെ അധിനിവേശത്തിലും വംശഹത്യയിലും പ്രതിഷേധിച്ച് ഇസ്രായേലിനെതിരെയുള്ള ഉപരോധ നടപടികൾ കൂടുതൽ കർശനമാക്കി മലേഷ്യ. ഇസ്രായേലിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റി അയക്കാൻ ശ്രമിച്ച വിദേശ ചരക്കുകപ്പലിലെ കണ്ടെയ്നർ മലേഷ്യൻ ബോർഡർ കൺട്രോൾ ആൻഡ് പ്രൊട്ടക്ഷൻ ഏജൻസി (എ.കെ.പി.എസ്) പിടിച്ചെടുത്തു. ജോഹോറിലെ തഞ്ചുങ് പെലെപാസ് തുറമുഖത്ത് വെച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി.
2023-ലെ മലേഷ്യൻ കസ്റ്റംസ് നിയമത്തിലെ വകുപ്പ് 15 പ്രകാരം ഇസ്രായേലിലേക്ക് നേരിട്ടോ അല്ലാതെയോ ചരക്കുകൾ കയറ്റി അയക്കുന്നത് പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. പിടിച്ചെടുത്തവയിൽ ഇസ്രായേലിന് സൈനികമായോ സാങ്കേതികമായോ സഹായകരമാകുന്ന യുദ്ധോപകരണങ്ങളോ തന്ത്രപ്രധാന വസ്തുക്കളോ ഉണ്ടോയെന്ന് 2010-ലെ മലേഷ്യൻ സ്ട്രാറ്റജിക് ട്രേഡ് ആക്ട് പ്രകാരം അധികൃതർ വിശദമായി പരിശോധിച്ചുവരികയാണ്. സെൻസിറ്റീവ് ചരക്കുകൾ കടത്താനുള്ള ശ്രമം വിജയകരമായി തടഞ്ഞ അതിർത്തി സംരക്ഷണ ഏജൻസിയെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അഭിനന്ദിച്ചു.
ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ക്രൂരതകൾക്ക് മലേഷ്യൻ മണ്ണ് യാതൊരുവിധ സഹായവും ചെയ്യില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇസ്രായേലിലേക്ക് പോകുന്ന കപ്പലുകൾക്ക് മലേഷ്യൻ തുറമുഖങ്ങളിൽ ചരക്ക് കയറ്റാനോ ഇറക്കാനോ ഉള്ള അനുമതി 2023 ഡിസംബറിൽ തന്നെ മലേഷ്യൻ സർക്കാർ പൂർണ്ണമായി നിരോധിച്ചിരുന്നു. ഇസ്രായേലിന്റെ മുൻനിര ഷിപ്പിങ് കമ്പനിയായ ‘സിം’ ഉൾപ്പെടെയുള്ള കപ്പലുകൾക്ക് രാജ്യത്ത് നിലവിൽ വിലക്കുണ്ട്. ‘ദി ഹേഗ് ഗ്രൂപ്പ്’ കൂട്ടായ്മയുടെ സ്ഥാപക അംഗമെന്ന നിലയിൽ ഇസ്രായേലിലേക്ക് സൈനിക അല്ലെങ്കിൽ തന്ത്രപ്രധാന സാമഗ്രികൾ എത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ അന്താരാഷ്ട്ര തലത്തിലും മലേഷ്യ മുൻപന്തിയിലുണ്ട്.



