വാഷിംഗ്‌ടൺ : പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അമിതമായി പുകഴ്ത്തി സംസാരിച്ചതിനെതിരെ, മുൻ പാക് സ്ഥാനപതിയും നയതന്ത്രജ്ഞനുമായ ഹുസൈൻ ഹഖാനി രംഗത്തെത്തി. ഷെഹബാസ് ഷെരീഫിന്റെ ട്രംപ് പ്രശംസയെ പരിഹസിച്ചുകൊണ്ടുള്ള ഹഖാനിയുടെ ട്വീറ്റ്, മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ പങ്കുവെക്കുകയും പിന്തുണയ്ക്കുകയും ചെയ്തതോടെ വിഷയം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി. തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തി തർക്ക കരാർ ഒപ്പുവെച്ചതിന് (കെ.എൽ ഉടമ്പടി) പിന്നിൽ ട്രംപിന്റെ ‘നിർണ്ണായക പങ്ക്’ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഷെരീഫിന്റെ എക്സ് പോസ്റ്റിനോടുള്ള ഹഖാനിയുടെ പ്രതികരണമാണ് ചർച്ചകൾക്ക് വഴിവെച്ചത്
“കെ.എൽ. ഉടമ്പടിയിലൂടെയും ഗാസ സമാധാന പദ്ധതിയിലൂടെയും മിഡിൽ ഈസ്റ്റിലും ദക്ഷിണേഷ്യയിലും സമാധാനവും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിലെ നിർണായക പങ്കിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് എൻ്റെ അഗാധമായ അഭിനന്ദനം. അദ്ദേഹത്തിന്റെ ശ്രമങ്ങൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചു.” എന്നാണ് ട്രംപിനെ പ്രശംസിച്ചുകൊണ്ട് ഷെഹബാസ് ഷെരീഫ് എക്സിൽ കുറിച്ചത്
ഇതിനോട് പ്രതികരിച്ച ഹുസൈൻ ഹഖാനി, പാകിസ്ഥാൻ പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തി. ട്രംപിനെ പ്രശംസിക്കുന്ന കളിയിൽ സ്വർണ്ണ മെഡലിനായി ഷെരീഫ് ഇപ്പോഴും മുന്നിട്ട് നിൽക്കുകയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഷെരീഫിന്റെ ട്രംപ് പ്രീണനത്തെ വിമർശിച്ചുകൊണ്ട് ഹുസൈൻ ഹഖാനി പങ്കുവെച്ച പോസ്റ്റ്, ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയ വ്യക്തിത്വമായ ശശി തരൂർ റീപോസ്റ്റ് ചെയ്യുകയായിരുന്നു.
പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഡോണൾഡ് ട്രംപിനെ പരസ്യമായി പ്രശംസിക്കുന്നത് ഇത് ആദ്യമായിട്ടല്ല. നേരത്തെ ഈജിപ്തിൽ നടന്ന ഗാസ സമാധാന ഉച്ചകോടിയിൽ വെച്ചും അദ്ദേഹം ട്രംപിനെ “സമാധാനത്തിന്റെ മനുഷ്യൻ” എന്ന് വിശേഷിപ്പിക്കുകയും, നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിലും ട്രംപ് പ്രധാന പങ്ക് വഹിച്ചുവെന്ന് അന്ന് ഷെരീഫ് അവകാശപ്പെട്ടിരുന്നു. താനാണ് ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് എന്ന് ട്രംപ് ആവർത്തിച്ച് അവകാശവാദം ഉന്നയിച്ചിരുന്ന സാഹചര്യത്തിൽ, ഷെരീഫിന്റെ ഈ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ പരിഹാസത്തിന് ഇടയാക്കിയിരുന്നു. തുടർച്ചയായുള്ള ഈ പ്രശംസകളിലൂടെ ഷെരീഫ് പാകിസ്ഥാനെ ലോകത്തിന് മുന്നിൽ ഒരു പരിഹാസപാത്രമാക്കി മാറ്റുകയാണ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ പലരും അഭിപ്രയപെടുന്നത്.



