ജിദ്ദ: ഉംറ തീർത്ഥാടകർക്കായുള്ള പ്രവേശന വിസയുടെ കാലാവധി സൗദി അറേബ്യ മൂന്ന് മാസത്തിൽ നിന്ന് ഒരു മാസമായി കുറച്ചു. പുതിയ നിയമപ്രകാരം, വിസ അനുവദിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ തീർത്ഥാടകർ സൗദി അറേബ്യയിൽ പ്രവേശിച്ചിട്ടില്ലെങ്കിൽ വിസ റദ്ദാക്കപ്പെടും. അടുത്ത ആഴ്ച മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
പ്രധാനമായും മൂന്ന് മാറ്റങ്ങളാണ് നിലവിൽ വരുന്നത്. വിസയുടെ ‘സാധുത’ മൂൺ മാസത്തിൽ നിന്നും ഒരു മാസമായി കുറച്ചു. അതേസമയം, തീർത്ഥാടകൻ സൗദിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ, രാജ്യത്ത് 90 ദിവസം വരെ തങ്ങാമെന്ന നിലവിലുള്ള നിയമത്തിൽ മാറ്റമില്ല.
വേനൽക്കാലം അവസാനിച്ചതിനാലും മക്കയിലെയും മദീനയിലെയും താപനില കുറഞ്ഞതിനാലും ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, വിശുദ്ധ ഹറമുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള മന്ത്രാലയത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചതെന്ന് ദേശീയ ഉംറ, സന്ദർശന കമ്മിറ്റി ഉപദേഷ്ടാവ് അഹമ്മദ് ബജാഇഫർ വ്യക്തമാക്കി.
2023 മുതൽ ഉംറ വിസയിലുള്ളവർക്ക് കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഉംറ വിസയിലുള്ളവർക്ക് ഏത് അന്താരാഷ്ട്ര വിമാനത്താവളം വഴിയും സൗദിയിലേക്ക് പ്രവേശിക്കാനും രാജ്യം വിടാനും അനുമതിയുണ്ട്. വിസ കാലാവധിക്കുള്ളിൽ സൗദിയിലെവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും അനുവാദമുണ്ട്. ഈ വർഷം ഉംറ സീസൺ ആരംഭിച്ചത് മുതൽ വിദേശ തീർത്ഥാടകർക്കായി നൽകിയ വിസകളുടെ എണ്ണം 40 ലക്ഷം കവിഞ്ഞു എന്നും മന്ത്രാലയം അറിയിച്ചു.



