കാസർഗോഡ്: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മലയോര ഹൈവേയിൽ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ചിറ്റാരിക്കാലിനടുത്ത് കാറ്റാംകവല മറ്റപ്പള്ളി വളവിൽ നിയന്ത്രണം വിട്ട് 15 അടിയോളം താഴേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. മൈസൂരു സാലിഗ്രാമയിലെ ഹരീഷ് (36) ആണ് മരിച്ചത്.
ബസിൽ കർണാടക സ്വദേശികളായ 56 തീർഥാടകരുണ്ടായിരുന്നു. അപകടത്തിൽ 46 പേർക്ക് പരുക്കേറ്റു. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ചെറുപുഴയിലെയും പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. തീർഥാടകർ ധർമസ്ഥലത്തേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്.



