ഡൽഹി: യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യു.പി.ഐ) ഉപയോഗിച്ച് പണം കൈമാറുന്ന സാധാരണ ഉപഭോക്താക്കളിൽ നിന്ന് യാതൊരുവിധ ചാർജുകളും ഈടാക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാൽ, ഭാവിയിൽ തെരഞ്ഞെടുത്ത ചില വ്യാപാരികളുടെ ഇടപാടുകൾക്ക് നാമമാത്രമായി മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ) ഏർപ്പെടുത്തിയേക്കുമെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. നിശ്ചിത നിരക്കിൽ പരിമിതമായ വ്യാപാരികൾക്ക് മാത്രം ചുമത്തുന്ന ഈ എം.ഡി.ആർ നിരക്കുകൾ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളേക്കാൾ വളരെ കുറവായിരിക്കുമെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ബാങ്കുകൾ യു.പി.ഐ ഇടപാടുകളുടെ പ്രോസസ്സിംഗ്, അനുബന്ധ അടിസ്ഥാന സൗകര്യ ചെലവുകൾ എന്നിവയ്ക്കായി വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന ഫീസാണ് എം.ഡി.ആർ. നിലവിൽ ക്രെഡിറ്റ് കാർഡുകൾക്ക് 1 മുതൽ 3 ശതമാനം വരെയും ഡെബിറ്റ് കാർഡുകൾക്ക് 0.9 ശതമാനം വരെയുമാണ് എം.ഡി.ആർ ഈടാക്കുന്നത്.
2026-ലെ നികുതിയും മറ്റ് നിയമങ്ങളും ഭേദഗതി ചെയ്യുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയേക്കുമെന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നുവന്നത്. ലോക്സഭ പാസാക്കിയ ഈ ബിൽ 2007-ലെ പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് ആക്ടിൽ ചില ഭേദഗതികൾ നിർദ്ദേശിക്കുന്നുണ്ട്. ഭാവിയിൽ എം.ഡി.ആർ ചാർജ് നേരിടേണ്ടി വരുന്ന വ്യാപാരികൾ ഈ തുക ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ടെങ്കിലും, വലിയ ഇടപാടുകൾ നടത്തുന്ന വ്യാപാരികൾ പോലും ഇതിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് മാറ്റരുതെന്ന് പേയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ (പി.സി.ഐ) റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നികുതി ബില്ലിലെ ഭേദഗതികൾ സാധാരണക്കാരായ ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ നിരക്കുകൾ ഈടാക്കാനുള്ള നീക്കമായി തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും ധനകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ കൂട്ടിച്ചേർത്തു.



