ബംഗളൂരു: ആർ.എസ്.എസിനെതിരെ നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്ന് കർണാടക സർക്കാർ ശക്തമായ നടപടിയെടുക്കുമെന്ന് ഐ.ടി, ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ. ആർ.എസ്.എസിന്റെ ചരിത്രവും പ്രവർത്തനങ്ങളും നിലവിൽ പഠിച്ചുവരികയാണെന്നും ഇതിനുശേഷമായിരിക്കും സർക്കാരിന്റെ തുടർനടപടികൾ തീരുമാനിക്കുകയെന്നും ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. സംഘടനയുടെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന് കത്തയച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും, എങ്കിലും തീരുമാനിച്ച പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
ഇതുവരെ നിയമപരമായ ചട്ടക്കൂടിന് പുറത്താണ് ആർ.എസ്.എസ് പ്രവർത്തിച്ചിരുന്നതെന്നും, അവരെ രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് കീഴിൽ കൊണ്ടുവരികയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അയച്ച കത്തിന് മറുപടി ലഭിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഖാർഗെ പരിഹസിക്കുകയും ചെയ്തു. വിഷയം ഉന്നയിച്ചിട്ട് ഒന്നര മാസത്തോളമായി. സംഘടനയുടെ നൂറ്റാണ്ടുകൾ നീണ്ട ചരിത്രം പഠിക്കാനും മനസ്സിലാക്കാനും സർക്കാറിന് അല്പം സമയം ആവശ്യമുണ്ട്. സ്വന്തം ചരിത്രത്തെക്കുറിച്ച് അവർക്ക് തന്നെ കൃത്യമായ ധാരണയില്ലെന്ന് വിമർശിച്ച പ്രിയങ്ക് ഖാർഗെ, ഭരണഘടനാപരമായ ചട്ടക്കൂടിൽ നിന്നുകൊണ്ട് തന്നെ മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി.



