ന്യൂ ഡൽഹി: സ്മാർട്ട്‌ഫോണുകളിൽ സൈബർ സുരക്ഷാ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാനുള്ള നിർബന്ധിത ഉത്തരവ്, സ്വകാര്യത ലംഘനമെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണത്തെ തുടർന്ന് കേന്ദ്രസർക്കാർ പിൻവലിച്ചു. ‘സഞ്ചാർ സാഥി’ എന്ന പേരിലുള്ള സർക്കാർ ആപ്പ് എല്ലാ പുതിയ മൊബൈൽ ഫോണുകളിലും നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്നായിരുന്നു കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം മൊബൈൽ നിർമ്മാതാക്കൾക്ക് നൽകിയ നിർദ്ദേശം. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും സൈബർ തട്ടിപ്പുകൾ തടയാനുമാണ് ഈ നീക്കമെന്ന് സർക്കാർ വിശദീകരിച്ചിരുന്നു.
പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ഉൾപ്പെടെയുള്ളവർ ഉത്തരവിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഭരണഘടന ഉറപ്പുനൽകുന്ന പൗരൻ്റെ സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിൻ്റ വ്യക്തമായ ലംഘനമാണ് ഈ നിർബന്ധിത ഇൻസ്റ്റലേഷൻ എന്നും, ഇത് പൗരന്മാരെ നിരീക്ഷിക്കാനുള്ള ‘ചാര സോഫ്റ്റ്‌വെയർ’ ആകാനുള്ള സാധ്യതയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. ആപ്പിൾ, സാംസങ് തുടങ്ങിയ മുൻനിര ഫോൺ നിർമ്മാതാക്കളും ഉത്തരവിൽ ആശങ്ക അറിയിച്ചിരുന്നു.
വിവാദം ശക്തമായതോടെ, കമ്മ്യൂണിക്കേഷൻസ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയിൽ വിശദീകരണം നൽകിയിരുന്നു. ‘സഞ്ചാർ സാഥി’ ആപ്പ് ഒരു ചാരവൃത്തി ഉപകരണമല്ലെന്നും, അത് താല്പര്യമുള്ളവർ മാത്രം ഇൻസ്റ്റാൾ ചെയ്താൽ മതിയെന്നുമാണ് മന്ത്രി അറിയിച്ചിരുന്നത്. ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ആപ്പ് നീക്കം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആപ്പിന് ലഭിച്ച വർദ്ധിച്ചുവരുന്ന ജനപിന്തുണയും സ്വീകാര്യതയും കണക്കിലെടുത്താണ്, മൊബൈൽ നിർമ്മാതാക്കൾക്കുള്ള നിർബന്ധിത ഇൻസ്റ്റലേഷൻ ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ചതെന്നും സർക്കാർ അറിയിച്ചു. നിലവിൽ 1.4 കോടിയിലധികം ഉപയോക്താക്കൾ സ്വമേധയാ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നുണ്ട് എന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.



