ന്യൂഡൽഹി: വോട്ടർപട്ടിക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) വിഷയത്തെക്കുറിച്ചുള്ള ചർച്ചക്കിടെ ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം. ‘വോട്ട് മോഷണം’ (വോട്ട് ചോരി) സംബന്ധിച്ച് താൻ നടത്തിയ വാർത്താസമ്മേളനങ്ങളിലെ വിഷയങ്ങളിൽ തെളിവുകൾ നൽകാൻ തയ്യാറാണെന്നും, വിഷയത്തിൽ തുറന്ന സംവാദത്തിന് അമിത് ഷാ തയ്യാറുണ്ടോയെന്നും രാഹുൽ ഗാന്ധി വെല്ലുവിളിച്ചു. എന്നാൽ, താൻ എന്ത് സംസാരിക്കണമെന്ന് രാഹുൽ തീരുമാനിക്കേണ്ടെന്ന് ക്ഷോഭത്തോടെ അമിത് ഷാ മറുപടി നൽകി.
കോൺഗ്രസ് ഭരിക്കുമ്പോൾ നാല് തവണ എസ്.ഐ.ആർ. നടന്നിട്ടുണ്ടെന്നും, തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ മാത്രമാണ് രാഹുൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അമിത് ഷാ തിരിച്ചടിച്ചു. കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രി വി. ശിവൻകുട്ടി എന്നിവരുൾപ്പെടെ ‘ഇന്ത്യ’ മുന്നണി നേതാക്കൾ വോട്ട് ചോരി ആരോപണം ഉന്നയിച്ച് ഇന്ത്യൻ ജനാധിപത്യത്തെ അപമാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, അമിത് ഷായുടെ പ്രതികരണം പ്രതിപക്ഷ ആരോപണങ്ങൾക്കു മുന്നിൽ ഭയപ്പെട്ടതിന്റെ തെളിവാണെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു.



