റിയാദ് : മലബാറിലെ പ്രവാസികൾക്ക് ആശ്വാസമായി കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സൗദി എയർലൈൻസ് (സൗദിയ) ദീർഘകാലത്തിന് ശേഷം നാളെ മുതൽ സർവീസുകൾ പുനരാരംഭിക്കുന്നു. റിയാദ്-കോഴിക്കോട് സെക്ടറിലാണ് സർവീസ് ആരംഭിക്കുന്നത്. നാളെ പുലർച്ചെ 1.20 ന് യിഡിൽ നിന്നും പുറപ്പെടുന്ന എയർബസ് എ 320 രാവിലെ 8:45-ന് കരിപ്പൂരിൽ എത്തിച്ചേരും. രാവിലെ 9:45-ന് വിമാനം തിരികെ റിയാദിലേക്ക് പുറപ്പെടും. തുടക്കത്തിൽ ശനി, ഞായർ, ചൊവ്വ, വ്യാഴം എന്നിങ്ങനെ ആഴ്ചയിൽ നാല് ദിവസങ്ങളിലായിരിക്കും സൗദിയ സർവീസ് നടത്തുകയെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
വലിയ വിമാനങ്ങൾക്ക് നിയന്ത്രണമുള്ളതിനാൽ ചെറിയ വിമാനങ്ങൾ ഉപയോഗിച്ചാണ് സൗദിയ ഇപ്പോൾ സർവീസ് നടത്തുന്നത്. സൗദി എയർലൈൻസ് മടങ്ങിയെത്തുന്നത് ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാനും ഗൾഫ് യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കാനും സഹായിക്കും. ജിദ്ദ സെക്ടറിലേക്കും ഉടൻ തന്നെ സർവീസുകൾ ആരംഭിക്കാൻ സാധ്യതയുണ്ട്. കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിനും കൂടുതൽ വിദേശ വിമാനക്കമ്പനികളെ ആകർഷിക്കുന്നതിനും സൗദിയയുടെ തിരിച്ചുവരവ് കരുത്തുപകരുമെന്നാണ് പ്രവാസി സംഘടനകളുടെയും യാത്രക്കാരുടെയും പ്രതീക്ഷ.



