മിനസോട്ട: അമേരിക്കയിൽ കുടിയേറ്റക്കാർക്കെതിരെയുള്ള കർശന നടപടികളിൽ പ്രതിഷേധിച്ച് മിനസോട്ട ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. ‘നോ ഐ.സി.ഇ’ (No ICE) എന്ന മുദ്രാവാക്യമുയർത്തി നടന്ന പ്രതിഷേധത്തിൽ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ വലിയൊരു ജനവിഭാഗം പങ്കെടുത്തു. ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുമാരുടെ വെടിയേറ്റ് രണ്ട് യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മിനസോട്ടയിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഇതിന്റെ ഭാഗമായി കാലിഫോർണിയ മുതൽ ന്യൂയോർക്ക് വരെയുള്ള വിവിധ നഗരങ്ങളിൽ വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിക്കുകയും 46 സംസ്ഥാനങ്ങളിലായി ഇരുന്നൂറ്റമ്പതോളം പ്രകടനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. കൊടുംതണുപ്പിനെ അവഗണിച്ചാണ് മിനസോട്ടയിലെ മിനിയാപൊളിസിൽ കുട്ടികളും മുതിർന്നവരും അടങ്ങുന്ന വലിയ സംഘം പ്രതിഷേധത്തിൽ അണിനിരന്നത്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മിനിയാപൊളിസ് മേഖലയിലേക്ക് മൂവായിരത്തോളം ഫെഡറൽ ഉദ്യോഗസ്ഥരെ വിന്യസിച്ചതാണ് പ്രതിഷേധം കൂടുതൽ ശക്തമാകാൻ കാരണമായത്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഏജന്റുമാർക്ക് വാറന്റില്ലാതെ ആളുകളെ അറസ്റ്റ് ചെയ്യാൻ കൂടുതൽ അധികാരം നൽകിയെന്ന വാർത്തകളും പ്രതിഷേധത്തിന് ആക്കം കൂട്ടി. അതേസമയം, കുടിയേറ്റ നയങ്ങളിൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം. അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിച്ചതായും ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ, സൈനിക സന്നാഹത്തോടെയുള്ള ഇത്തരം നടപടികൾ ജനങ്ങൾക്കിടയിൽ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതായും ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്നതായും മിനസോട്ട ഗവർണർ ടിം വാൾസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും ആരോപിച്ചു



