15 C
Saudi Arabia
Wednesday, February 4, 2026
spot_img

സൗദി അറേബ്യക്ക് 900 കോടി ഡോളറിന്റെ പാട്രിയറ്റ് മിസൈലുകൾ നൽകാൻ അമേരിക്കയുടെ അംഗീകാരം

വാഷിംഗ്ടൺ: സൗദി അറേബ്യക്ക് അത്യാധുനിക പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളും അനുബന്ധ സൈനിക ഉപകരണങ്ങളും വിൽക്കാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകി. ഏകദേശം 900 കോടി ഡോളർ ചെലവ് വരുന്ന ഈ വൻകിട പ്രതിരോധ ഇടപാടിന് പെന്റഗൺ അംഗീകാരം നൽകിയതായി സൗദി ഗസറ്റ് റിപ്പോർട്ട് ചെയ്തു. 730 പാട്രിയറ്റ് അഡ്വാൻസ്ഡ് കാപ്പബിലിറ്റി-3 മിസൈലുകൾ വാങ്ങാനുള്ള സൗദിയുടെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനം. പ്രമുഖ അമേരിക്കൻ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ ആയിരിക്കും ഈ പദ്ധതിയുടെ പ്രധാന കരാറുകാർ. അമേരിക്കൻ കോൺഗ്രസിനെ ഈ തീരുമാനത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

മിസൈലുകൾക്ക് പുറമെ, നിലവിലുള്ള ലോഞ്ചറുകളെ നവീകരിക്കുന്നതിനുള്ള സംവിധാനങ്ങൾ, സാങ്കേതിക സഹായം, പരിശീലന പരിപാടികൾ, സ്പെയർ പാർട്സുകൾ, അറ്റകുറ്റപ്പണികൾക്കുള്ള സോഫ്റ്റ്‌വെയറുകൾ എന്നിവയും ഈ പാക്കേജിന്റെ ഭാഗമാണ്. മിഡിൽ ഈസ്റ്റിലെ നിലവിലെ സൈനിക സന്തുലിതാവസ്ഥയിൽ മാറ്റം വരുത്താതെ തന്നെ സൗദിയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഈ ഇടപാട് സഹായിക്കുമെന്ന് പെന്റഗൺ പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയിലെ സുരക്ഷാ ഭീഷണികളെ നേരിടാനും വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കാനും ഈ ആധുനിക മിസൈലുകൾ സൗദി അറേബ്യയെ സഹായിക്കും. സൗദി പ്രതിരോധ മന്ത്രി രാജകുമാരൻ ഖാലിദ് ബിൻ സൽമാന്റെ നിലവിലെ അമേരിക്കൻ സന്ദർശന വേളയിലാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles