തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കും ലേബർ കോഡുകൾക്കുമെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച രാത്രി 12 മണി വരെയാണ് സമരം. പണിമുടക്കിനെത്തുടർന്ന് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഡയസ് നോൺ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്തവർക്ക് വ്യാഴാഴ്ചത്തെ ശമ്പളം ലഭിക്കില്ലെന്ന് സർക്കാർ അറിയിച്ചു. അതേസമയം പാൽ, പത്രം, ആശുപത്രി, മെഡിക്കൽ സ്റ്റോറുകൾ, ഫയർഫോഴ്സ് തുടങ്ങിയ അത്യാവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ, മിക്ക ഓട്ടോ-ടാക്സികൾ എന്നിവ നിരത്തിലിറങ്ങാത്തത് ഗതാഗതത്തെ കാര്യമായി ബാധിക്കും. എന്നാൽ സ്വകാര്യ വാഹനങ്ങളെ ബലം പ്രയോഗിച്ച് തടയില്ലെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. മരാമൺ കൺവെൻഷൻ, ശബരിമല ദർശനം, ക്ഷേത്രോത്സവങ്ങൾ എന്നിവയെ പണിമുടക്ക് ബാധിക്കില്ല. പണിമുടക്കിനെത്തുടർന്ന് പി.എസ്.സി വ്യാഴാഴ്ച നടത്താനിരുന്ന ഓൺലൈൻ പരീക്ഷ ഈ മാസം 21-ലേക്ക് മാറ്റി. കാലിക്കറ്റ്, എം.ജി സർവകലാശാലകൾ വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന പരീക്ഷകളും മാറ്റിയിട്ടുണ്ട്. കേരളത്തിൽ ഐ.എൻ.ടി.യു.സി പ്രത്യേകമായാണ് പ്രക്ഷോഭത്തിൽ പങ്കുചേരുന്നത്.



