27.4 C
Saudi Arabia
Thursday, February 12, 2026
spot_img

തുടർഭരണം വന്നാൽ കേരളത്തിൽ ജനാധിപത്യം അവസാനിക്കും; മുന്നറിയിപ്പുമായി കൽപ്പറ്റ നാരായണൻ

കോഴിക്കോട്: കേരളത്തിൽ വീണ്ടും തുടർഭരണം ഉണ്ടായാൽ സംസ്ഥാനത്ത് ജനാധിപത്യം ഇല്ലാതാകുമെന്ന് പ്രമുഖ സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ. തുടർഭരണം സംഭവിക്കുകയാണെങ്കിൽ ബി.ജെ.പി ഭരിക്കുന്ന ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് സമാനമായ അവസ്ഥയിലേക്ക് കേരളം മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എതിരാളികളില്ലാത്ത രാഷ്ട്രീയം ആഗ്രഹിക്കുന്ന പ്രവണത പാർട്ടി നേതൃത്വങ്ങളിൽ വളർന്നു വരുന്നത് ജനാധിപത്യത്തിന് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർച്ചയായ ഭരണമുണ്ടായാൽ മുൻപ് ചെയ്ത തെറ്റുകളെല്ലാം നീതീകരിക്കപ്പെടുന്ന അവസ്ഥ വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് ഭരണകാലയളവുകളിലും വർഗബോധത്തേക്കാൾ സ്വജനപക്ഷപാതത്തിനാണ് മുൻഗണന ലഭിച്ചതെന്നും, ഇത് വരുംകാലങ്ങളിൽ കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം ആശങ്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് അനുഭാവികളല്ലാത്തവർക്ക് കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യം ഇത് സൃഷ്ടിക്കും. സർക്കാരിന്റെ വികസന വാദങ്ങളെയും അദ്ദേഹം വിമർശിച്ചു; ആഗോളതലത്തിൽ നടക്കുന്ന നഗരവൽക്കരണത്തിന്റെ ഭാഗമായുള്ള വികാസം മാത്രമാണിതെന്നും ആര് ഭരിച്ചാലും ഈ മാറ്റങ്ങൾ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. സച്ചിദാനന്ദന്റെ പ്രസ്താവനയെ വിമർശിച്ച മുരുകൻ കാട്ടാക്കടയ്ക്കെതിരെയും അദ്ദേഹം പ്രതികരിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles