തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറാണെന്ന വ്യാജേന എത്തിയ യുവതിയെ സുരക്ഷാ ജീവനക്കാർ പിടികൂടി പോലീസിലേൽപ്പിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ സീനിയർ ന്യൂറോ സർജനാണെന്ന് അവകാശപ്പെട്ട് എത്തിയ പെരുന്ന സ്വദേശിനിയായ ‘ഇവ’ ആണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ സാരിയുടുത്ത്, കഴുത്തിൽ സ്റ്റെതസ്‌കോപ്പും ധരിച്ച് ഡോക്ടറുടെ പൂർണ്ണ വേഷത്തിലാണ് ഇവർ ആശുപത്രിയിലെത്തിയത്. എന്നാൽ ഇവർ പറഞ്ഞ പേരിൽ അവിടെ ന്യൂറോ സർജൻ ഇല്ലെന്ന് മനസ്സിലാക്കിയ സുരക്ഷാ ജീവനക്കാർക്ക് സംശയം തോന്നുകയും അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു.
സംശയത്തെത്തുടർന്ന് അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യുവതി കാന്റീൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കറങ്ങിനടക്കുന്നതായി കണ്ടെത്തി. തുടർന്ന് ഡോക്ടറുടെ വേഷം മാറി മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിൽ നിന്നും ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കവെ വനിതാ സെക്യൂരിറ്റി ജീവനക്കാർ ഇവരെ തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. നിലവിൽ പേരൂർക്കടയിലാണ് താമസമെന്നും ഭർത്താവ് ശ്രീചിത്രയിൽ ജീവനക്കാരനാണെന്നും ഇവർ മൊഴി നൽകിയെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്. എന്ത് ആവശ്യത്തിനാണ് ഇവർ വ്യാജ വേഷത്തിൽ ആശുപത്രിയിൽ എത്തിയതെന്ന് കണ്ടെത്താൻ പോലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്.



