കടലുണ്ടി: പഠനാവേശത്തിന്റെയും കളിചിരികളുടെയും ഏഴു രാപ്പകലുകൾ സമ്മാനിച്ചുകൊണ്ട് കടലുണ്ടി കോർണിഷ് മസ്ജിദിൽ കിസ്‌വ ടാലന്റ് അക്കാദമി സംഘടിപ്പിക്കുന്ന റെസിഡൻഷ്യൽ സമ്മർ ക്യാമ്പ് ശ്രദ്ധേയമാകുന്നു. അവധിക്കാല വിനോദത്തിനപ്പുറം വിജ്ഞാനവും മൂല്യബോധവുമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്ന ക്യാമ്പ് പുതിയൊരു വിദ്യാഭ്യാസ മാതൃകയാണ് സമർപ്പിക്കുന്നത്.
തൊണ്ണൂറോളം വിദ്യാർത്ഥികൾ സജീവമായി പങ്കെടുക്കുന്ന ക്യാമ്പിൽ വിദ്യാർത്ഥികളുടെ സർവ്വോന്മുഖമായ വളർച്ച ലക്ഷ്യമിട്ടുള്ള വൈവിധ്യമാർന്ന പദ്ധതികളാണ് വിജയകരമായി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നത്.
കേരളാ മുസ്ലിം ജമാഅത്ത് ജനറൽ സിക്രട്ടറിയും മഅ്‌ദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ ക്യാമ്പിന്റെ പ്രീ-ലോഞ്ച് സെറിമണി ഉദ്ഘാടനം ചെയ്തു. ഐ.എ.എസ് ആസ്പിരന്റ് ഫാസിൽ നയിച്ച മോട്ടിവേഷൻ ക്ലാസ് കുട്ടികൾക്ക് വലിയ ആവേശമാണ് പകർന്നത്. വിവിധ വിദേശ ഭാഷകളായ ജർമൻ, സ്പാനിഷ്, ഇംഗ്ലീഷ്, അറബിക് എന്നിവയിൽ വിദ്യാർത്ഥികൾ നടത്തിയ പ്രസംഗങ്ങളും സംഭാഷണങ്ങളും ക്യാമ്പിന്റെ ഉയർന്ന നിലവാരത്തെ അടയാളപ്പെടുത്തി.

വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും ആത്മവിശ്വാസവും വർദ്ധിപ്പിക്കാൻ ബ്ലാക്ക് ബെൽറ്റ് ഹോൾഡറായ ഫസലുദ്ദീൻ ഹാഷിമി ആനങ്ങാടിയുടെ നേതൃത്വത്തിൽ കുങ്ഫു പരിശീലനവും ക്യാമ്പിൽ നൽകിവരുന്നു.
ആത്മീയതയും സാങ്കേതികവിദ്യയും ഒരുപോലെ ചേർത്തുവെച്ചാണ് ക്യാമ്പിന്റെ സംഘാടനം. പ്രവാചക പ്രകീർത്തനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷമൊരുക്കിയ ‘കിസ്മത്ത്’ മദ്ഹ് സംഗമം ഏറെ ആകർഷകമായി. ആധുനിക സാങ്കേതികവിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് എന്നിവ പരിചയപ്പെടുത്തുന്നതിനായി മുർഷിദ് അദനി അത്തിപ്പറ്റയുടെ നേതൃത്വത്തിൽ ‘കിസ്-ടെക്’ വർക്ക്ഷോപ്പും സംഘടിപ്പിച്ചു.
സാഹിത്യത്തിന്റെയും വായനയുടെയും ലോകത്തെ പരിചയപ്പെടുത്തി ഖലീലുറഹ്മാൻ അദനി നയിച്ച ‘കിസ്-ലിറ്റ്’ സെഷനും, സഹാനുഭൂതിയുടെയും സാന്ത്വന പ്രവർത്തനങ്ങളുടെയും പ്രാധാന്യം ബോധ്യപ്പെടുത്തി മഅ്ദിൻ ഹോസ്പേസ് ഡയറക്ടർ ജുനൈദ് സഖാഫി നയിച്ച ‘കിസ്-കെയർ’ സെഷനും വിദ്യാർത്ഥികളിൽ വലിയ സ്വാധീനം ചെലുത്തി.
വിദ്യാർത്ഥികളുടെ കായിക ശേഷിയും സംഘബോധവും വളർത്തുന്നതിനായി രണ്ട് ദിവസങ്ങളിലായി ടർഫ് മാച്ചും സംഘടിപ്പിച്ചിരുന്നു. മൊബൈൽ ഫോൺ അഡിക്ഷനിൽ നിന്ന് കുട്ടികളെ മോചിപ്പിക്കാനും, പള്ളിയുമായുള്ള ആത്മീയ ബന്ധം ശക്തിപ്പെടുത്താനും, സ്വഭാവ രൂപീകരണത്തിലൂടെ ക്രിയാത്മകമായ ഒരു അവധിക്കാലം ഒരുക്കാനും ഈ ക്യാമ്പിലൂടെ സാധിച്ചു. സാങ്കേതികവും സാഹിത്യപരവുമായ അവബോധത്തിനൊപ്പം നേതൃപാടവവും മാനസിക വളർച്ചയും ലക്ഷ്യം വെച്ചുള്ള കിസ്‌വ ടാലന്റ് അക്കാദമിയുടെ ചുവടുവെപ്പ് നാട്ടുകാർക്കിടയിൽ വലിയ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.



