ഡൽഹിയിൽ സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് വ്യാപക വേട്ട; മാധ്യമപ്രവർത്തകരും മലയാളി വിദ്യാർത്ഥികളും കസ്റ്റഡിയിൽ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഡൽഹി പോലീസ് നടത്തുന്ന നിയമവിരുദ്ധ നടപടികൾ തുടരുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കരുതൽ തടങ്കലിലോ കസ്റ്റഡിയിലോ എടുക്കരുതെന്ന സുപ്രീം കോടതിയുടെ കർശന നിർദ്ദേശങ്ങൾ പൂർണ്ണമായും കാറ്റിൽപ്പറത്തിയാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള അതിക്രമങ്ങൾ. പ്രതിഷേധ സ്ഥലത്തുണ്ടായിരുന്ന ഏഷ്യാനെറ്റ്, 24 ന്യൂസ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളുടെ റിപ്പോർട്ടർമാർ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ നിരവധി മലയാളി വിദ്യാർത്ഥികളെയടക്കം കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.

പ്രതിഷേധക്കാരെ നേരിടാൻ ഗ്രനേഡുകളും കണ്ണീർ വാതകങ്ങളുമുൾപ്പെടെയുള്ള വിപുലമായ സന്നാഹങ്ങളോടെയാണ് പോലീസ് രംഗത്തിറങ്ങിയിരിക്കുന്നത്. ഇതിനിടയിൽ, വിവിധ അറകളുള്ള പ്രത്യേക തടവറകളായി രൂപമാറ്റം വരുത്തിയ ‘സഞ്ചരിക്കുന്ന ജയിലുകൾ’ (Mobile Jails) സമരസ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഇത്തരം നാലോളം വാഹനങ്ങളിൽ പ്രതിഷേധക്കാരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതായും, കടുത്ത ചൂടിൽ ജനാലകൾ പൂർണ്ണമായി അടച്ചിട്ട ഈ വാഹനങ്ങൾക്കുള്ളിലിട്ട് സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങളെ അതിക്രൂരമായി മർദ്ദിക്കുന്നതായും പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. ജുഡീഷ്യറിയുടെ ഇടക്കാല ഉത്തരവുകളെപ്പോലും മുഖവിലയ്ക്കെടുക്കാതെ ഡൽഹി പോലീസ് നടത്തുന്ന ഇത്തരം മനുഷ്യത്വരഹിതമായ നടപടികൾക്കെതിരെ രാജ്യത്തുടനീളം വലിയ തോതിലുള്ള പ്രതിഷേധവും മനുഷ്യാവകാശ ലംഘന ആരോപണങ്ങളുമാണ് ഉയരുന്നത്.

Related Articles

- Advertisement -spot_img

Latest Articles