തൃശൂർ: ചാലക്കുടിയിൽ യുവതിയെ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. കണ്ണൂർ പരിയാരം സ്വദേശിനിയായ എമിൽഡ (22) ആണ് മരിച്ചത്. ചാലക്കുടി പോട്ട സ്വദേശി അഫ്സലിന്റെ വീട്ടിൽ ഈ മാസം ആറാം തീയതിയാണ് എമിൽഡയെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉടൻതന്നെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണം സ്ഥിരീകരിച്ചത്.
രണ്ടുവർഷം മുൻപായിരുന്നു എമിൽഡയുടെയും അഫ്സലിന്റെയും വിവാഹം. ഇരുവർക്കും ഒരു കുട്ടിയുമുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുള്ള ചാലക്കുടി പോലീസ്, ഭർത്താവ് അഫ്സലിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്. എമിൽഡയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.



