28.8 C
Saudi Arabia
Wednesday, April 22, 2026
spot_img

അനുമതിയില്ലാതെ ഹജ്ജിനെത്തിയാൽ ലക്ഷം റിയാൽ പിഴയും നാടുകടത്തലും; കർശന നിയന്ത്രണങ്ങളുമായി സൗദി

മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിൽ സുരക്ഷയും ക്രമീകരണങ്ങളും ഉറപ്പാക്കുന്നതിനായി സൗദി ആഭ്യന്തര മന്ത്രാലയം കർശനമായ പിഴകളും ശിക്ഷാ നടപടികളും പ്രഖ്യാപിച്ചു. ഏപ്രിൽ 18 (ദുൽഖഅ്‌ദ ഒന്ന്) മുതൽ ദുൽഹിജ്ജ 14 വരെയുള്ള കാലയളവിൽ ഔദ്യോഗിക അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിക്കുന്നവർക്കും അവരെ സഹായിക്കുന്നവർക്കും വൻതുക പിഴ ഈടാക്കും. ഹജ്ജ് പെർമിറ്റില്ലാതെ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നവർക്കും അനുമതിയില്ലാതെ ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നവർക്കും 20,000 റിയാൽ വരെയാണ് പിഴ. സന്ദർശക വിസയിൽ എത്തിയവർ നിശ്ചിത കാലയളവിൽ മക്കയിലോ പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുകയോ അവിടെ തുടരുകയോ ചെയ്താൽ ഇതേ പിഴ ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

നിയമവിരുദ്ധമായി എത്തുന്നവർക്ക് താമസസൗകര്യം ഒരുക്കുകയോ ഗതാഗത സൗകര്യം നൽകുകയോ ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും. ഹോട്ടലുകൾ, അപ്പാർട്ട്മെന്റുകൾ, സ്വകാര്യ വീടുകൾ എന്നിവിടങ്ങളിൽ ഇത്തരം ആളുകൾക്ക് അഭയം നൽകുന്നവർക്കും, നിയമവിരുദ്ധമായി രാജ്യത്ത് തുടരാൻ സഹായിക്കുന്നവർക്കും ഇതേ ശിക്ഷ ബാധകമാണ്. സഹായിക്കുന്ന ഓരോ വ്യക്തിക്കും അനുസരിച്ച് പിഴ തുക ഇരട്ടിക്കും. കൂടാതെ, ഇത്തരക്കാരെ കടത്താൻ ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ കോടതികളോട് ആവശ്യപ്പെടും. അനുമതിയില്ലാതെ ഹജ്ജിനെത്തുന്ന വിദേശികളെയും വിസ കാലാവധി കഴിഞ്ഞവരെയും നാടുകടത്തുകയും അവർക്ക് 10 വർഷത്തേക്ക് സൗദിയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും.

ശിക്ഷാ നടപടികൾ സംബന്ധിച്ച തീരുമാനങ്ങളിൽ പരാതിയുള്ളവർക്ക് അത് ലഭിച്ച് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട സമിതിക്ക് അപ്പീൽ നൽകാം. സമിതിയുടെ തീരുമാനത്തിൽ തൃപ്തരല്ലാത്തവർക്ക് 60 ദിവസത്തിനുള്ളിൽ അഡ്മിനിസ്ട്രേറ്റീവ് കോടതിയെയും സമീപിക്കാവുന്നതാണ്. നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും അഭ്യർത്ഥിച്ച മന്ത്രാലയം, നിയമലംഘനങ്ങളെക്കുറിച്ച് ശ്രദ്ധയിൽപ്പെട്ടാൽ മക്ക റീജിയണിലുള്ളവർ 911 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്നും നിർദ്ദേശിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles