ഫലസ്തീൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റിന് യു.എസ് വിസ നിഷേധിച്ചു; മെക്‌സിക്കോയിൽ കുടുങ്ങി ജിബ്രിൽ റജൂബ്

മെക്‌സിക്കോ സിറ്റി: ലോകമെമ്പാടുമുള്ള കായികപ്രേമികളെ ഒരുമിപ്പിക്കുന്ന 2026 ഫിഫ ലോകകപ്പ് വേദിയിൽ കടുത്ത രാഷ്ട്രീയ വിവേചനമെന്ന് ആക്ഷേപം. ഫിഫയുടെ ഔദ്യോഗിക അംഗീകാരമുള്ള പ്രതിനിധിയും ഫലസ്തീൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റുമായ ജിബ്രിൽ റജൂബിന് യുണൈറ്റഡ് സ്റ്റേറ്റ്സ് വിസ അനുവദിച്ചില്ല. വിസ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് യു.എസിലേക്ക് യാത്ര തിരിക്കാനാകാതെ അദ്ദേഹം നിലവിൽ മെക്‌സിക്കോ സിറ്റിയിൽ തുടരുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മെക്‌സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ ആസ്‌ടെക്ക സ്റ്റേഡിയത്തിൽ നടന്ന മെക്‌സിക്കോ – ദക്ഷിണാഫ്രിക്ക ഉദ്ഘാടന മത്സരത്തിൽ പങ്കെടുത്ത ശേഷം യു.എസിലേക്ക് പോകാനിരിക്കെയാണ് റജൂബിന് ഈ വിസ പ്രതിസന്ധി നേരിടേണ്ടി വന്നത്. ആഗോള തലത്തിൽ കായികപ്രേമികളെയും പ്രതിനിധികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ലോകകപ്പ് വേദിയിൽ, രാഷ്ട്രീയ കാരണങ്ങളാൽ വിസ നിഷേധിക്കുന്നത് ഒരുതരത്തിലും നീതിയുക്തമല്ലെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിന് (AP) നൽകിയ അഭിമുഖത്തിൽ ജിബ്രിൽ റജൂബ് വ്യക്തമാക്കി.

ഇത്തവണത്തെ ലോകകപ്പിന് ഫലസ്തീൻ ദേശീയ ടീം യോഗ്യത നേടിയിട്ടില്ലെങ്കിലും, ഫിഫയുടെ പരമ്പരാഗത മാനദണ്ഡങ്ങൾ അനുസരിച്ച് മുഴുവൻ അംഗരാജ്യങ്ങളിലെയും ഫുട്‌ബോൾ അസോസിയേഷൻ മേധാവികൾക്ക് ടൂർണമെന്റിലേക്ക് ഔദ്യോഗിക ക്ഷണം ലഭിക്കാറുണ്ട്. ഈ പദവിയിലാണ് റജൂബ് ലോകകപ്പിനെത്തിയത്. എന്നാൽ യു.എസിന്റെ കർശനമായ വിസ നിയന്ത്രണം പ്രതിസന്ധിയിലാക്കിയത് ഫലസ്തീൻ പ്രതിനിധിയെ മാത്രമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാനായി ഫിഫ ഔദ്യോഗികമായി തിരഞ്ഞെടുത്ത സൊമാലിയയിൽ നിന്നുള്ള റഫറിക്കും, ഇറാഖ് ടീമിനൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫർക്കും യു.എസ് വിസ നിഷേധിച്ചതായി റിപ്പോർട്ടുകളുണ്ട്. ലോകകപ്പ് പോലൊരു മഹാമേളയ്ക്ക് ആതിഥേയത്വം വഹിക്കുമ്പോൾ കായിക പ്രതിനിധികൾക്ക് നേരെ യു.എസ് സ്വീകരിക്കുന്ന ഇത്തരം രാഷ്ട്രീയ നിലപാടുകൾ കായിക ലോകത്ത് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിതുറന്നിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles