സ്ത്രീകൾക്ക് സൗജന്യ കെ.എസ്.ആർ.ടി.സി യാത്രാപദ്ധതി ‘പ്രിയദർശിനി’ക്ക് തുടക്കം; മുഖ്യമന്ത്രിയുമായുള്ള ഉദ്ഘാടന ബസ് ഓടിച്ച് റെക്കോർഡ് ഡ്രൈവർ ഷീല

തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാസൗകര്യമൊരുക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അപൂർവ്വ ചരിത്രനിമിഷത്തിന് സാക്ഷിയായി. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖർ യാത്ര ചെയ്ത ഉദ്ഘാടന ബസിന്റെ സ്റ്റിയറിങ് പിടിച്ചത് കെ.എസ്.ആർ.ടി.സിയിലെ ആദ്യ വനിതാ ഡ്രൈവറായ വി.പി. ഷീലയാണ്. പി.എസ്.സി വഴി കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറായി നിയമിതയായ ആദ്യ വനിതയെന്ന റെക്കോർഡ് സ്വന്തമാക്കിയ ഷീല, പെരുമ്പാവൂർ ഡിപ്പോയിലെ ജീവനക്കാരിയും കോട്ടപ്പടി വെട്ടിക്കാമറ്റം സ്വദേശിനിയുമാണ്. പൊതുഗതാഗത സംവിധാനത്തിൽ സ്ത്രീകളുടെ സുരക്ഷയ്ക്കും യാത്രാസൗകര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ വിപ്ലവകരമായ പദ്ധതിയുടെ സാരഥിയാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ഈ വലിയ ദൗത്യം തന്നെ ഏൽപ്പിച്ചതിൽ സർക്കാരിനോട് നന്ദിയുണ്ടെന്നും ഷീല പ്രതികരിച്ചു.

വനിതകൾ കടന്നുവരാൻ മടിച്ചിരുന്ന കനത്ത ഡ്രൈവിങ് മേഖലയിലേക്ക് 13 വർഷങ്ങൾക്ക് മുൻപാണ് ഷീല ചുവടുവെയ്ക്കുന്നത്. കഠിനാധ്വാനത്തിലൂടെ കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിൽ സ്വന്തം പേരെഴുതിച്ചേർത്ത ഇവർക്ക് വലിയ വാഹനങ്ങൾ കൈകാര്യം ചെയ്യുന്നത് പുത്തരിയല്ല. കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിലായി ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് ബസുകൾ മുൻപും ഷീല വിജയകരമായി ഓടിച്ചിട്ടുണ്ട്. ചരിത്രപരമായ ഈ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊണ്ട് ഷീല വനിതകൾക്കും കേരളത്തിലെ സ്ത്രീസമൂഹത്തിനും വീണ്ടും വലിയൊരു പ്രചോദനമായി മാറി.

വരുന്ന 100 ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് ഈ സൗജന്യ യാത്ര അനുവദിക്കുന്നത്. ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് സ്ത്രീകൾക്ക് യാതൊരുവിധ പ്രായപരിധിയോ വരുമാന പരിധിയോ ഉണ്ടായിരിക്കില്ല. വിദ്യാർത്ഥിനികൾ, ജോലിക്ക് പോകുന്ന ഉദ്യോഗസ്ഥർ, മുതിർന്ന പൗരന്മാർ തുടങ്ങി എല്ലാ വിഭാഗം സ്ത്രീകൾക്കും പ്രിയദർശിനി പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പദ്ധതി വിജയകരമാകുന്നതോടെ കൂടുതൽ ബസുകൾ ഇതിനായി മാറ്റിവെക്കുമെന്നും ആവശ്യമെങ്കിൽ സ്വകാര്യ ബസുകൾ വാടകയ്ക്കെടുത്ത് സർവീസ് വിപുലീകരിക്കാൻ കെ.എസ്.ആർ.ടി.സിക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നും ഗതാഗതവകുപ്പ് അധികൃതർ വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles