നൂറിന് മുകളിൽ സീറ്റിൽ യു ഡി എഫ് ജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവർത്തിച്ചുപറയുമ്പോൾ മറ്റു കോൺഗ്രസ് നേതാക്കൾക്ക് പോലും അത് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. 85 നപ്പുറത്തേയ്ക്ക് പോകില്ല എന്നുതന്നെയാണ് അവർ വിശ്വസിച്ചത്. പക്ഷേ വി ഡി സതീശൻ കൃത്യമായി പഠിച്ചുതന്നെയാണ് നൂറ് കടക്കുമെന്ന് ഉറപ്പിച്ചുപറഞ്ഞത്. മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം അദ്ദേഹം പറഞ്ഞത് അച്ചട്ടായി സംഭവിച്ചിരുന്നു. അതേപോലെയല്ലല്ലോ 140 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ്. അതിൽ ജനവിധി 100 പ്ലസ് ആകണമെങ്കിൽ രണ്ടുകാര്യങ്ങൾ സംഭവിക്കണമായിരുന്നു.
ഒന്ന്: നിലവിലുള്ള സർക്കാരിനെതിരെ അത്ര കടുത്ത ജനരോഷം ഉണ്ടാകണം. പ്രത്യക്ഷത്തിൽ അതുണ്ടായിരുന്നില്ല. അതിനു തക്കതായ കാരണങ്ങളും ഉണ്ടായിരുന്നില്ല. പിണറായി സർക്കാറിന്റെ വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് മതിപ്പുണ്ടായിരുന്നു താനും. സർക്കാറിനെ പിടിച്ചുകുലുക്കാവുന്ന അഴിമതിയോ സമാനമായ മറ്റെന്തെങ്കിലും ആരോപണമോ സർക്കാറിനെ പ്രതിസന്ധിയിലാക്കിയിട്ടുമില്ല. തിരഞ്ഞെടുപ്പിനു മുമ്പുണ്ടായ ശബരിമലയിലെ സ്വർണപ്പാളി മോഷണം മാത്രമായിരുന്നു ഭരണപക്ഷത്തെ അടിക്കാൻ പ്രതിപക്ഷത്തിന്റെ കയ്യിലുണ്ടായിരുന്ന മുഖ്യ ആയുധം. അതുകൊണ്ടുമാത്രം 100 കടക്കാൻ കഴിയുമോ എന്ന സന്ദേഹം യു ഡി എഫ് ക്യാമ്പിൽ തന്നെയുണ്ടായിരുന്നു.
രണ്ട്: ടീം യു ഡി എഫ് എന്ന് പ്രതിപക്ഷ നേതാവ് ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നുവെങ്കിലും അത്ര സുശക്തമായിരുന്നില്ല യു ഡി എഫിന്റെ നില. തിരഞ്ഞെടുപ്പ് കാലമാകുമ്പോഴേക്ക് കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ മെല്ലെ മെല്ലെ മറനീക്കി പുറത്തുവന്നു. സ്ഥാനാർഥി നിർണയം നീണ്ടുപോകാൻ അത് കാരണമായി. സീറ്റ് വീതംവെയ്പ്പിൽ ഘടകകക്ഷിയായ ജോസഫ് ഗ്രൂപ്പ് ഒട്ടും ഹാപ്പി ആയിരുന്നില്ല. അവരുടെ മുറുമുറുപ്പ് അവഗണിക്കുകയാണ് കോൺഗ്രസ് ചെയ്‌തത്.
മറ്റൊരു ഘടകകക്ഷിയായ ആർ എസ് പിയിലുമുണ്ടായിരുന്നു ഒച്ചയില്ലാത്ത ചില ആഭ്യന്തര പ്രശ്‌നങ്ങൾ. സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞപ്പോൾ കോൺഗ്രസിൽ ഉണ്ടായ പ്രശ്നങ്ങൾ വേറെയും. ചിറയിൻകീഴിലേക്ക് ഇറക്കുമതി സ്ഥാനാർഥി വേണ്ട എന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ തന്നെ തെരുവിലിറങ്ങി. തൃക്കരിപ്പൂരിലും സമാനമായ പ്രതിഷേധമുണ്ടായി. സീറ്റ് കിട്ടുമെന്നു പ്രതീക്ഷിച്ചിട്ട് കിട്ടാതെ പോയവരുടെ പരാതികൾ അതിനുപുറമെ. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ട് നൂറിന്റെ നക്ഷത്രത്തിളക്കത്തിലേക്ക് യു ഡി എഫ് വരുന്നതെങ്ങനെ എന്ന് യു ഡി എഫ് പ്രവർത്തകർക്കും നേതാക്കൾക്കും അറിയില്ലായിരുന്നു.
ചേർത്തുപറയേണ്ട മറ്റൊരു കാര്യം: വി ഡി സതീശനെ മാത്രം ടാർഗെറ്റ് ചെയ്തുകൊണ്ട് സിപിഎം സോഷ്യൽ മീഡിയ ക്യാമ്പയിൻ തുടങ്ങിവെച്ചിരുന്നു. സതീശൻ നുണയനാണ് എന്നു സ്ഥാപിക്കാൻ വേണ്ടി മാത്രം നിരവധി പേജുകൾ തുടങ്ങി. സിപിഎമ്മിന്റെ ഔദ്യോഗിക ഹാൻഡിലുകൾ തന്നെ അത് ഏറ്റെടുത്തു. പറവൂരിൽ തന്നെ സതീശനെ തളച്ചിടാൻ കൊണ്ടുപിടിച്ചു ശ്രമിച്ചു. അവിടെ എന്ത് വിലകൊടുത്തും സതീശനെ തോൽപ്പിക്കണമെന്ന ആഹ്വാനവുമായി ടി പി സെൻകുമാറിനെ പോലുള്ള സംഘപരിവാർ അനുകൂലികളും രംഗത്തുവന്നു. വ്യക്തിപരമായ ഇത്തരം ‘ആക്രമണങ്ങളെ’ കൂടി മറികടന്നാണ് വി ഡി സതീശൻ 100 പ്ലസ് എന്ന മോഹനമ്പറിലേക്ക് യു ഡി എഫിനെ എത്തിച്ചത്.
എൽ ഡി എഫിനുണ്ടായത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ്. ഭീകരമായ പതനം. അതിന്റെ ഞെട്ടലിൽ നിന്ന് എളുപ്പം മുക്തമാകില്ല അവർ. പരാജയപ്പെട്ടത് 13 മന്ത്രിമാരാണ്. അതിൽ ഏഴുപേരും സിപിഎം മന്ത്രിമാർ. വിജയം ഉറപ്പെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി വിലയിരുത്തിയ വീണ ജോർജ് തന്നെയും വീണു. സി പി എം വിമർശങ്ങളെ സഭയിലും പുറത്തും നേരിട്ട പി രാജീവും എം ബി രാജേഷും തോറ്റവരിലുണ്ട്. അപ്പൂപ്പൻ ഇമേജുമായി നേമത്ത് വീണ്ടുമിറങ്ങിയ ശിവൻ കുട്ടിക്കും അടിപതറി.
വോട്ടെണ്ണലിന്റെ ആദ്യത്തെ ആറു റൗണ്ടിൽ സാക്ഷാൽ പിണറായി വിജയൻ തന്നെയും ധർമ്മടത്ത് പിന്നാക്കം പോയി. കണ്ണൂരിൽ പാർട്ടിയോടിടഞ്ഞ് മത്സരിക്കാനിറങ്ങിയ ടി കെ ഗോവിന്ദൻ തളിപ്പറമ്പിലും കെ വി കുഞ്ഞികൃഷ്ണൻ പയ്യന്നൂരിലും ഉജ്ജ്വല വിജയം നേടി. ചെറ്റത്തരം കാണിച്ചയാളെന്ന് പിണറായി തന്നെ വിമർശിച്ച ജി സുധാകരൻ അമ്പലപ്പുഴയിലും മിന്നുന്ന ജയം നേടി.
സിറ്റിംഗ് എം എൽ എമാരെ തന്നെ വീണ്ടും രംഗത്തിറക്കിയാണ് സിപിഎം ഈ തിരഞ്ഞെടുപ്പിൽ കളം പിടിക്കാനിറങ്ങിയത്. മുന്നണിയിലെ മറ്റു ഘടകകക്ഷികളും ഏറെക്കുറെ ഈ വഴി തിരഞ്ഞെടുത്തു. എം എൽ എമാരുടെ മണ്ഡലത്തിലെ പരിചയവും ബന്ധവും വോട്ടാക്കി മാറ്റുകയായിരുന്നു ലക്ഷ്യം. പുതുമുഖങ്ങളെ കൊണ്ടുവരുമ്പോൾ അവർക്ക് മണ്ഡലത്തിലെ ജനങ്ങളുമായി ബന്ധമുണ്ടാക്കിയെടുക്കാൻ സമയമെടുക്കും, സിറ്റിംഗ് എം എൽ എമാരുടെ കാര്യത്തിൽ അതിന്റെ ആവശ്യമില്ല. ആ തന്ത്രമൊന്നും വോട്ടായി മാറിയില്ല. പതിറ്റാണ്ടുകളായി കയ്യിൽവെച്ച ഉരുക്കുകോട്ടകൾ തന്നെ ഇളകി. തൃക്കരിപ്പൂരും ബാലുശ്ശേരിയും ഉദാഹരണങ്ങൾ. കോഴിക്കോട് ജില്ലയിൽ 2021 ൽ 13 മണ്ഡലങ്ങളിൽ 11 ഇടത്തും ജയിച്ചത് എൽ ഡി എഫ് ആയിരുന്നു. ഇത്തവണ എൽ ഡി എഫിന്റെ ജയം ബേപ്പൂരിൽ ഒതുങ്ങി. അതും ആശ്വാസ ജയം. പി എ മുഹമ്മദ് റിയാസിന്റെ 2021 ലെ ഭൂരിപക്ഷം 28747. ഇത്തവണ 7487.
എൽ ഡി എഫിന് ജനം രണ്ടുതവണ മുന്നറിയിപ്പ് നൽകിയതാണ്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിലും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഉൾപ്പെടെ സന്ദർഭങ്ങൾ വേറെയും. ലോക്‌സഭയിലേക്ക് യു ഡി എഫ് നേടിയ വിജയം ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളെ മുൻനിർത്തിയുള്ളതാണ് എന്നാശ്വസിച്ചു എൽ ഡി എഫ്. 2021 ലെ തിരഞ്ഞെടുപ്പിൽ മുന്നണിക്കൊപ്പം നിന്ന നിയമസഭാ മണ്ഡലങ്ങളിൽ വലിയ വോട്ടുചോർച്ച ഉണ്ടായത് സിപിഎമ്മോ മുന്നണി നേതൃത്വമോ ഗൗരവമായി എടുത്തില്ല. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തകർച്ച ന്യൂനപക്ഷങ്ങൾ കയ്യൊഴിഞ്ഞതു കൊണ്ടുണ്ടായതാണ് എന്നും വർഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് യു ഡി എഫ് വലിയ മുന്നേറ്റം നടത്തിയതെന്നും അത് താൽക്കാലികമാണ് എന്നും വിലയിരുത്തി സിപിഎമ്മും എൽ ഡി എഫും. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ സാഹചര്യം പാടേ മാറിയെന്നാണ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കെത്തിയപ്പോൾ സിപിഎം എത്തിച്ചേർന്ന നിഗമനം. അഥവാ രണ്ടു പരാജയങ്ങളെയും സത്യസന്ധമായി അഭിമുഖീകരിക്കുന്നതിൽ പാർട്ടിക്കും മുന്നണിക്കും വീഴ്‌ച സംഭവിച്ചു.
എന്തുകൊണ്ട് സിപിഎമ്മും എൽ ഡി എഫും പരാജയപ്പെട്ടു?
ഒറ്റവാചകത്തിൽ ഉത്തരം കണ്ടെത്താവുന്ന ചോദ്യമല്ല അത്. എങ്കിലും പൊതുവായി പറയാവുന്ന കാര്യം, ജനം തങ്ങളിൽ നിന്ന് അകന്നുപോകുന്നത് മനസിലാക്കാൻ നേതാക്കൾക്കോ പാർട്ടി ഘടകങ്ങൾക്കോ സാധിച്ചില്ല എന്നതാണ്. അടിത്തട്ടിൽ മണ്ണിളകുന്നുണ്ടായിരുന്നു. ജനം രാഷ്ട്രീയത്തിൽ വിട്ടുവീഴ്‌ച ചെയ്ത് വികസനത്തിനു വോട്ട് ചെയ്യുമെന്ന് നേതാക്കൾ കരുതി. പ്രത്യേക ന്യൂനപക്ഷ വിഭാഗത്തിന് മാത്രമാണ് പാർട്ടിയോട് അകൽച്ചെയെന്നു പാർട്ടി കരുതി. ആ എതിർപ്പ് മറികടക്കാൻ സമുദായത്തിലെ പ്രബല സംഘങ്ങളെ ഒപ്പം നിർത്തിയാൽ മതിയെന്ന് അവർ കണക്കുകൂട്ടി. സംഘടനകൾക്ക് പുറത്തുള്ള മനുഷ്യരെ ഒപ്പം നിർത്താൻ സിപിമ്മിന്റെ കയ്യിൽ പദ്ധതി ഒന്നുമില്ലായിരുന്നു.
ജനമൊന്നാകെ നിരാശയിലും രോഷത്തിലുമാണ് എന്ന അടിത്തട്ട് യാഥാർഥ്യം കാണാൻ എൽ ഡി എഫിനോ പ്രധാന കക്ഷിയായ സിപിഎമ്മിനോ കഴിഞ്ഞില്ല. പാർട്ടി വോട്ടുകളിലുള്ള അമിതമായ പ്രതീക്ഷയും പി ആർ വർക്കിൽ ജനം വീഴുമെന്ന തെറ്റിധാരണയും- ഇത് രണ്ടുമാണ് സിപിഎമ്മിന്റെയും എൽ ഡി എഫിന്റെയും പരാജയത്തിന്റെ ആഴം കൂട്ടിയത്. ചില മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിച്ചത് പാർട്ടി പ്രവർത്തകർ തന്നെയാണ്. പാർട്ടിയുടെ പുതിയ നടപ്പുകളോടും നേതൃത്വത്തോടും അമർഷം ഉള്ളിൽ കൊണ്ടുനടന്നവർ അവസരം കിട്ടിയപ്പോൾ തിരിച്ചുകുത്തി. അവർ തിരഞ്ഞെടുപ്പ് റാലിയിൽ ചുവന്ന കൊടി പിടിച്ചിരുന്നു, പ്രചാരണ പോസ്റ്ററുകൾ ചുവരിൽ പതിച്ചിരുന്നു. പരസ്യമായി പാർട്ടിക്കൊപ്പം നിന്നവർ രഹസ്യമായി വോട്ട് എതിർ സ്ഥാനാർത്ഥിക്ക് കൊടുത്തു.
മുഖ്യമന്ത്രി കൈകാര്യം ചെയ്ത ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ ഗൗരവ സ്വഭാവമുള്ളതായിരുന്നു. പക്ഷേ പാർട്ടി വേദികളിൽ അത് ഉന്നയിക്കാൻ ധൈര്യം ആർക്കുമുണ്ടായിരുന്നില്ല. ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥത ജനത്തിന് പ്രശ്‌നമായിരുന്നു. ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെ ചില വകുപ്പുകൾ അമ്പേ പരാജയമായിരുന്നു. അത് പരിശോധിക്കാൻ പാർട്ടിയും മുന്നണിയും തയ്യാറായില്ല.
മൂന്ന് മണ്ഡലങ്ങളിൽ ബിജെപി ജയിച്ചതാണ് ഈ തിരഞ്ഞെടുപ്പിലെ മറ്റൊരു സവിശേഷത. ഇതിൽ നേമവും കഴക്കൂട്ടവും സാധ്യത കൽപിക്കപ്പെട്ടിരുന്നെങ്കിലും ചാത്തന്നൂരിലെ വിജയം അപ്രതീക്ഷിതമായിരുന്നു. എൽ ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളാണ് ബിജെപി പിടിച്ചത്. മൂന്നുമണ്ഡലങ്ങളിലും എൽ ഡി എഫ് വോട്ട് നഷ്ടമായിട്ടുണ്ട്. നേമത്ത് കോൺഗ്രസിനും വോട്ട് നഷ്ടമുണ്ടായി. ഹിന്ദുത്വ രാഷ്ട്രീയത്തിന് കേരള നിയമസഭയിലും ഇടമുണ്ടാകുന്നു എന്നുവേണം മനസിലാക്കാൻ. ഇതര പാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് കൂടുതൽ നേതാക്കൾ ചേക്കേറാൻ ഇതൊരു കാരണമായേക്കും.
കെ എം മാണിയെന്ന അതികായൻ നേതൃത്വം നൽകിയ കേരള കോൺഗ്രസ് വിഭാഗം മത്സരിച്ച മണ്ഡലങ്ങളിലെല്ലാം തോൽവിയേറ്റു വാങ്ങി. ആ പാർട്ടിയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട ചോദ്യമാണ് ഉയരുന്നത്. പാലായിൽ ജോസ് കെ മാണി വീണ്ടും പരാജയപ്പെട്ടു. യു ഡി എഫിലേക്ക് മടങ്ങിപ്പോകാനുള്ള ആവശ്യത്തിന് ഇതോടെ കൂടുതൽ സ്വീകാര്യത കൈവരും. നേരത്തെ അതിനു തടസ്സം നിന്ന റോഷി അഗസ്റ്റിൻ ഇടുക്കിയിൽ തോറ്റത് കാര്യങ്ങൾ എളുപ്പമാക്കും. കോൺഗ്രസ് ഇനി അവരെ സ്വാഗതം ചെയ്യുമോ എന്നത് കാത്തിരുന്നു കാണണം.
മുസ്‌ലിം ലീഗ് യു ഡി എഫിന്റെ നട്ടെല്ല് തന്നെയെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു. ലീഗ് മത്സരിച്ച മണ്ഡലങ്ങൾ മാത്രമല്ല അവർ ശ്രദ്ധിച്ചത്. സഖ്യകക്ഷികൾ മത്സരിച്ച മണ്ഡലങ്ങളിൽ ജയിക്കാൻ വേണ്ടതെല്ലാം മുസ്‌ലിം ലീഗ് ചെയ്‌തിട്ടുണ്ട്. ഒരാരോപണത്തിനും മുസ്‌ലിം ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാനായില്ല. ഈ ലേഖകന്റെ മണ്ഡലമായ ബാലുശ്ശേരിയിൽ കോൺഗ്രസ് സ്ഥാനാർഥി ജയിക്കുന്നത് നാലു പതിറ്റാണ്ടിനു ശേഷമാണ്. അവിടെ വി ടി സൂരജിന്റെ ജയം ലീഗിന്റെ കഠിനാധ്വാനത്തിന്റെ കൂടി ഫലമാണ്. തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ മുതൽ തവനൂരിൽ വി എസ് ജോയ് വരെയുള്ള കോൺഗ്രസുകാരെ ജയിപ്പിക്കാൻ ലീഗ് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചിട്ടുണ്ട്.
ഈ തിരഞ്ഞെടുപ്പിലെ പരാജയം സിപിഎമ്മിന്റെ അന്ത്യമാണ് എന്നാരും കരുതുന്നില്ല. അവർക്ക് തിരിച്ചുവരവ് സാധ്യമാണ്. പക്ഷേ തിരുത്തപ്പെടേണ്ട അനേകം കാര്യങ്ങളുണ്ട്. അതിൽപ്രധാനം ഒരു നേതാവിലേക്ക് പാർട്ടി ചുരുങ്ങിപ്പോകാതിരിക്കാൻ ജാഗ്രത്താവുക എന്നതാണ്. പാർട്ടി ജനങ്ങളുടേതാണ് എന്നും ജനമെന്നാൽ പാർട്ടിക്കാർ മാത്രമല്ല, നേതൃത്വത്തിന്റെ വിമർശകർ കൂടി ചേർന്നതാണ് എന്നും തിരിച്ചറിയാൻ കഴിയുന്ന നേതൃത്വം ഉണ്ടായിവരുകയാണ് പരിഹാരം. സ്തുതിപാഠകരെ കേട്ടില്ലെങ്കിലും വിമർശകരെ കേൾക്കണം കമ്മ്യൂണിസ്റ്റ് പാർട്ടികൾ. കേട്ടാൽ മാത്രം പോരാ, തിരുത്തേണ്ടത് തിരുത്തുക കൂടിവേണം. തെറ്റ് തിരുത്തുക എന്നത് മോശം പ്രവണതയല്ല. തെറ്റ് സംഭവിക്കില്ല എന്ന് കരുതുന്നതാണ് ഏറ്റവും മോശമായ മനോഘടന.
“ജനാധിപത്യം എന്നത് വളരെ എളുപ്പമുള്ള ഒരു പ്രവർത്തനമല്ല. ജനാധിപത്യം എന്ന് പറയുന്നത് എന്റെ അഭിപ്രായം പോലെ തന്നെ മൂല്യമുള്ളതാണ് മറ്റുള്ളവരുടെ അഭിപ്രായവും എന്ന് സമ്മതിക്കലാണ്. അങ്ങനെ സമ്മതിക്കുകയെന്നത് സാധാരണ മനുഷ്യർക്ക് സാധ്യമായ കാര്യമല്ല. വേറെയൊരു നിവൃത്തിയുമില്ലാത്തതു കൊണ്ടാണ് നിങ്ങൾ ഒരു ജനാധിപത്യവാദിയാകുന്നത്. അതുകൊണ്ടാണ് ജനാധിപത്യത്തിൽ ഒരു വ്യാജൻ അടങ്ങിയിട്ടുണ്ടെന്നു പറയുന്നത്”. മാർക്സിസ്റ്റ് ചിന്തകനായിരുന്ന എം എൻ വിജയൻ പറഞ്ഞതാണിത്.
നിവൃത്തികേട് കൊണ്ട് ജനാധിപത്യവാദി ആകുന്നൊരാൾ/ അങ്ങനെ നടിക്കുന്നൊരാൾ ഏത് പ്രസ്ഥാനത്തിനും ബാധ്യതയാകും. അത് നേതാവായാലും പ്രവർത്തകനായാലും. പ്രസ്ഥാനം നശിക്കാൻ അവർ മാത്രം മതിയാകും. നിവൃത്തികേടിന്റെ ജനാധിപത്യമാണ് കഴിഞ്ഞ പത്തുവർഷം കേരളത്തിലെ സിപിഎം നേതാക്കളിൽ പലരുടെയും പെരുമാറ്റത്തിൽ പ്രകടമായത്. അതിൽ ചെറിയ നേതാക്കളും വലിയ നേതാക്കളുമുണ്ട്. നിവൃത്തികേടിന്റെ ജനാധിപത്യത്തിന്റെ ഉപാസകൻ ചുറ്റിലുമുള്ള മനുഷ്യരെ കാണുക സഹജീവികളായല്ല, തനിക്ക് കീഴ്‌പ്പെട്ടു ജീവിക്കുന്നവരായാണ്. അങ്ങനെ കീഴ്‌പ്പെട്ടു ജീവിക്കാൻ മനസ്സില്ല എന്ന് കേരളത്തിലെ സാധാരണക്കാരായ മനുഷ്യർ സിപിഎം നേതാക്കളോട് ഉച്ചത്തിൽ പറഞ്ഞിരിക്കുന്നു, ഈ തിരഞ്ഞെടുപ്പിൽ. പാർട്ടി അത് മനസിലാക്കണം. തിരുത്തണം. തിരിച്ചുവരണം.



