ഇറാൻ്റെ 14 ഇന സമാധാന കരാർ: ഉടൻ തീരുമാനമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ വീണ്ടും പ്രതീക്ഷയും ആശങ്കയും

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൻ്റെ ഭാഗമായി ഇറാൻ മുന്നോട്ടുവെച്ച പുതിയ 14 ഇന സമാധാന നിർദ്ദേശങ്ങൾ താൻ ഉടൻ പരിശോധിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. പാകിസ്താൻ മുഖേനയാണ് ഇറാൻ ഈ നിർദ്ദേശങ്ങൾ കൈമാറിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേരിക്ക നേരത്തെ സമർപ്പിച്ച ഒമ്പതിന നിർദ്ദേശങ്ങൾക്കുള്ള മറുപടിയായാണ് തസ്‌നിം, ഫാർസ് തുടങ്ങിയ ഇറാനിയൻ വാർത്താ ഏജൻസികൾ ഈ 14 ഇന പദ്ധതിയെയെ വിശേഷിപ്പിക്കുന്നത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക, ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള അമേരിക്കൻ ഉപരോധം അവസാനിപ്പിക്കുക, മേഖലയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുകൊടുക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങൾ ഇറാൻ്റെ നിർദ്ദേശങ്ങളിലുണ്ടെന്നാണ് സൂചന.

എന്നാൽ, ഈ നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെടുന്ന കാര്യത്തിൽ ട്രംപ് വലിയ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 47 വർഷമായി ലോകത്തോടും മനുഷ്യത്വത്തോടും ചെയ്ത കാര്യങ്ങൾക്ക് ഇറാൻ ഇനിയും വലിയ വില നൽകേണ്ടതുണ്ടെന്നും അതിനാൽ ഈ നിർദ്ദേശങ്ങൾ പൂർണ്ണമായും സ്വീകാര്യമാകുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. ഇറാൻ ശരിയായ രീതിയിലല്ല പെരുമാറുന്നതെങ്കിൽ വ്യോമാക്രമണം പുനരാരംഭിക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. നിലവിൽ ഏപ്രിൽ 16 മുതൽ പ്രാബല്യത്തിലുള്ള വെടിനിർത്തൽ തുടരുന്നുണ്ടെങ്കിലും ഇരുഭാഗത്തുനിന്നും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ഇറാൻ്റെ ഈ നീക്കം യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് കാണുന്നതെങ്കിലും മേഖലയിലെ സംഘർഷാവസ്ഥ ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. ഇറാനിയൻ സൈനിക നേതൃത്വം ഏത് നിമിഷവും യുദ്ധം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേൽ ലെബനനിലും സിറിയയിലും ആക്രമണം തുടരുന്നതും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നു. ട്രംപ് ഈ നിർദ്ദേശങ്ങൾ വിശദമായി പഠിച്ച ശേഷം എടുക്കുന്ന തീരുമാനമാകും പശ്ചിമേഷ്യയുടെ വരുംനാളുകളിലെ സമാധാന സാധ്യതകളെ നിർണ്ണയിക്കുക.

 

Related Articles

- Advertisement -spot_img

Latest Articles