റിയാദ്: കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപമുണ്ടായ വാഹനാപകടത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട മുഹമ്മദ് ഷഫീഖ് റിയാദിൽ നിന്നും നാട്ടിലേക്ക് തിരിക്കുന്നു. കണ്ണൂരിൽ നിന്നും ഊട്ടിയിലേക്ക് വിനോദയാത്ര പോയ ഏഴംഗ സംഘം സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് ദാരുണമായ അപകടമുണ്ടായത്. കണ്ണൂർ മരക്കാർകണ്ടി സൂപ്പിയകത്ത് മുഹമ്മദ് ഷഫീഖിന്റെ ഭാര്യ മുനീറ, മരുമകൻ മുനീർ മമ്പുറം, ഇവരുടെ ഗർഭസ്ഥ ശിശു, ഷഫീഖിന്റെ മൂത്ത മകളുടെ മകൻ മുഗീസ് ഖാൻ എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. കാറിലുണ്ടായിരുന്ന ഷഫീഖിന്റെ രണ്ട് പെൺമക്കളും മറ്റൊരു മരുമകനും പരിക്കേറ്റ് ചികിത്സയിലാണ്. ഇതിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്.
റിയാദിലെ ഗുർണാത്തയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന ഷഫീഖ് അപകടവാർത്ത അറിഞ്ഞയുടൻ നാട്ടിലെത്താൻ തീവ്രശ്രമം നടത്തിയിരുന്നു. സ്പോൺസർ നൽകിയ ടിക്കറ്റ് അഞ്ചാം തീയതി മുംബൈ വഴിയായതിനാൽ അദ്ദേഹത്തിന് സമയത്തിന് നാട്ടിലെത്താൻ കഴിയാത്ത സാഹചര്യം ഉടലെടുത്തു. തുടർന്ന് ഐസിഎഫ് വെൽഫെയർ പ്രവർത്തകരായ റസാഖ് വയൽക്കരയും ഹബീബുല്ല മുസ്ലിയാരും ഇടപെടുകയും ഒരു സൗദി പൗരനെ വിവരം ധരിപ്പിക്കുകയും ചെയ്തു. ഈ പ്രവാസി മലയാളിയുടെ സങ്കടം മനസ്സിലാക്കിയ അദ്ദേഹം ഷഫീഖിന് നാട്ടിലേക്ക് നേരിട്ടുള്ള ടിക്കറ്റ് സൗജന്യമായി നൽകാൻ തയ്യാറാവുകയായിരുന്നു.
മുഹമ്മദ് ഷഫീഖ് ഇന്ന് രാത്രി ഫ്ളൈ നാസിന് റിയാദിൽ നിന്നും നാട്ടിലേക്ക് തിരിക്കുമെങ്കിലും, അന്ത്യകർമ്മങ്ങൾക്ക് മുൻപായി പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണാൻ അദ്ദേഹത്തിന് സാധിക്കില്ലെന്നത് പ്രവാസലോകത്തിന് വിങ്ങലായി മാറുകയാണ്. സുമനസ്സുകൾ കൈകോർത്തതോടെ യാത്ര സാധ്യമായെങ്കിലും തീരാനഷ്ടത്തിന്റെ വേദനയുമായാണ് ഈ പ്രവാസി മടക്കം.



