കോടഞ്ചേരി പതങ്കയത്ത് വിദ്യാർത്ഥി മുങ്ങിമരിച്ചു: വിനോദയാത്ര ദാരുണാന്ത്യത്തിൽ

കോഴിക്കോട് : കോടഞ്ചേരി പഞ്ചായത്തിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ 17 വയസ്സുകാരൻ മുങ്ങിമരിച്ചു. ചെറുവണ്ണൂർ കൊളത്തറ സ്വദേശി നാസറിന്റെ മകൻ ഷബീൽ ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. രണ്ട് സുഹൃത്തുക്കൾ ക്കൊപ്പമാണ് ഷബീൽ പതങ്കയം സന്ദർശിക്കാനെത്തിയത്. സുഹൃത്തുക്കൾ വെള്ളത്തിൽ ഇറങ്ങിയ സമയത്ത് ഷബീൽ കരയിൽ തന്നെ നിൽക്കുകയായിരുന്നു.

എന്നാൽ പിന്നീട് സുഹൃത്തുക്കൾ കരയ്ക്ക് കയറി നോക്കിയപ്പോൾ ഷബീലിനെ കാണാനില്ലായിരുന്നു. ഷബീൽ വെള്ളത്തിൽ വീണത് ശ്രദ്ധയിൽപ്പെടാതിരുന്ന സുഹൃത്തുക്കൾ ബഹളം വെച്ചതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. ഉടൻ തന്നെ നാട്ടുകാരും കോടഞ്ചേരി പോലീസും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. മുക്കം അഗ്നിരക്ഷാ നിലയത്തിൽ നിന്നും സേനാംഗങ്ങൾ എത്തുമ്പോഴേക്കും നാട്ടുകാർ ഷബീലിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ശാന്തമായി ഒഴുകുന്നതെന്ന് തോന്നുമെങ്കിലും ചതിക്കുഴികളും ശക്തമായ അടിയൊഴുക്കുകളുമുള്ള സ്ഥലമാണ് പതങ്കയം വെള്ളച്ചാട്ടം. ഓരോ വർഷവും ഇവിടെ സമാനമായ രീതിയിൽ ജീവനുകൾ പൊലിയാറുണ്ട്. അവധിക്കാലം ആഘോഷിക്കാനായി എത്തുന്ന വിനോദസഞ്ചാരികൾ, പ്രത്യേകിച്ച് വിദ്യാർത്ഥികൾ, ജലാശയങ്ങളിലെ അപകടസാധ്യതകൾ തിരിച്ചറിയാതെ വെള്ളത്തിൽ ഇറങ്ങുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമാകുന്നു. നീന്തൽ അറിയാത്തവർ ഇത്തരം കയങ്ങളിലേക്ക് ഇറങ്ങരുതെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

 

 

Related Articles

- Advertisement -spot_img

Latest Articles