മഹ്‌റമില്ലാതെ കേരളത്തിൽ നിന്നുള്ള വനിതാ ഹജ്ജ് തീർഥാടകർ മക്കയിലെത്തി

ജിദ്ദ: കേരളത്തിൽ നിന്നുള്ള വനിതാ തീർഥാടകർ മാത്രമുള്ള പ്രത്യേക ഹജ്ജ് വിമാനം ജിദ്ദയിലെത്തി. പുരുഷ തുണയില്ലാതെ (വിതൗട്ട് മഹ്‌റം) ഹജ്ജിനെത്തിയ വനിതാ തീർഥാടകരെ മക്കയിൽ വനിതാ വോളണ്ടിയർമാർ ഉൾപ്പെടെയുള്ളവർ ചേർന്ന് ആവേശപൂർവ്വം സ്വീകരിച്ചു. ഇന്നും ഇന്നലെയുമായി 4600-ലേറെ തീർഥാടകരാണ് ഈ വിഭാഗത്തിൽ മക്കയിലെത്തിയത്. കേരളത്തിൽ നിന്ന് ആകെ 4483 വനിതകളാണ് ഇത്തവണ മഹ്‌റമില്ലാതെ ഹജ്ജ് കർമ്മത്തിനായി എത്തുന്നത്. മക്കയിലെത്തിയ തീർഥാടകർക്ക് ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും കെ.എം.സി.സി ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളും ചേർന്ന് ആവശ്യമായ സഹായങ്ങളും സ്വീകരണവും നൽകി.

വനിതാ തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളാണ് മക്കയിൽ ഒരുക്കിയിട്ടുള്ളത്. ഇവർക്കായി പ്രത്യേക സുരക്ഷയുള്ള താമസ കെട്ടിടങ്ങൾ, വനിതകൾക്ക് മാത്രമായുള്ള ഡിസ്പെൻസറികൾ, പ്രത്യേക ബസ് സർവീസുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. മക്കയിലെത്തിയ സംഘം ഇതിനകം തന്നെ ഉംറ കർമ്മം പൂർത്തിയാക്കി. അതേസമയം, ഹജ്ജ് തീർഥാടകരുമായി ഇന്ന് മൂന്ന് വിമാനങ്ങളാണ് കൊച്ചിയിൽ നിന്ന് പുറപ്പെടുന്നത്. വരും ദിവസങ്ങളിലും കൂടുതൽ തീർഥാടകർ മക്കയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles