ന്യൂഡൽഹി: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾക്കായി കേന്ദ്ര സർക്കാർ ജീവനക്കാരെ സൂപ്പർവൈസർമാരായി നിയമിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയിൽ ഹരജി നൽകി. ജസ്റ്റിസ് പി.എസ്. നരസിംഹയുടെ ബെഞ്ച് നാളെ ഈ ഹരജി പരിഗണിക്കും. തിങ്കളാഴ്ച വോട്ടെണ്ണൽ നടക്കാനിരിക്കെ വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന തൃണമൂലിന്റെ ആവശ്യം പരിഗണിച്ച്, ജഡ്ജിമാരുടെ അവധി ദിനമായിട്ടും പ്രത്യേക സിറ്റിംഗ് നടത്തിയാണ് കോടതി ഹരജി കേൾക്കുന്നത്. സംസ്ഥാനത്ത് പലയിടത്തും ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിച്ച് ക്രമക്കേടുകൾ നടത്തുകയാണെന്ന് തൃണമൂൽ ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ സ്ട്രോങ്ങ് റൂമുകൾക്ക് മുന്നിൽ തൃണമൂൽ നേതാക്കൾ പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചിരുന്നു.
അതേസമയം, വോട്ടിങ്ങിൽ ക്രമക്കേട് നടന്നതായുള്ള പരാതികളുടെയും ഉദ്യോഗസ്ഥ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിങ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഗ്രാഹാത് വെസ്റ്റിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ 4 ബൂത്തുകളിലുമാണ് വീണ്ടും വോട്ടെടുപ്പ് നടക്കുക. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പോളിങ് സമയം. വോട്ടെണ്ണൽ ദിനത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ അഞ്ച് പേരിലധികം കൂട്ടംകൂടുന്നത് വിലക്കി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 23, 29 തീയതികളിലായി നടന്ന രണ്ട് ഘട്ട വോട്ടെടുപ്പിൽ സംസ്ഥാന ചരിത്രത്തിലെ റെക്കോർഡ് പോളിംഗാണ് ഇക്കുറി രേഖപ്പെടുത്തിയത്; ആകെ 92.47 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.



