അബുദാബി: ഇറാനിൽ നിന്ന് യുഎഇയെ ലക്ഷ്യമാക്കി എത്തിയ ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട ഉഗ്രസ്ഫോടന ശബ്ദങ്ങൾ ശത്രുക്കളുടെ ആക്രമണങ്ങളെ ആകാശത്ത് വെച്ച് തന്നെ തകർത്തതിന്റേതാണെന്ന് മന്ത്രാലയം എക്സിലൂടെ (X) പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. ഏപ്രിൽ മാസത്തിൽ അമേരിക്കയും ഇറാനും തമ്മിൽ ആരംഭിച്ച വെടിനിർത്തലിന് ശേഷം യുഎഇക്ക് നേരെ നടക്കുന്ന ആദ്യത്തെ വലിയ സൈനിക നീക്കമാണിത്. ഇറാൻ തൊടുത്തുവിട്ട നാല് ക്രൂയിസ് മിസൈലുകളിൽ മൂന്നെണ്ണം യുഎഇ സമുദ്രപരിധിയിൽ വെച്ച് തന്നെ തകർത്തു. നാലാമത്തെ മിസൈൽ കടലിൽ പതിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആക്രമണത്തെത്തുടർന്ന് ഫുജൈറയിലെ ഒരു എണ്ണ സംഭരണ കേന്ദ്രത്തിൽ ഡ്രോൺ പതിച്ച് തീപിടുത്തമുണ്ടായെങ്കിലും സിവിൽ ഡിഫൻസ് ടീമുകൾ ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. നിലവിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. ശത്രുക്കളുടെ ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാൻ യുഎഇയുടെ വ്യോമസേനയും പ്രതിരോധ സംവിധാനങ്ങളും സജ്ജമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ സംഘർഷവും ഉപരോധവും തുടരുന്നതിനിടെയുണ്ടായ ഈ ആക്രമണം ഗൾഫ് മേഖലയിൽ വീണ്ടും ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.



