മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതെന്ന് നേതാക്കൾ

ന്യൂഡൽഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ നടന്ന നിർണ്ണായക ചർച്ചകൾ അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലും സമവായത്തിലെത്താൻ കഴിയാത്തതിനെത്തുടർന്നാണ് പ്രഖ്യാപനം മാറ്റിവെച്ചതെന്ന് എ.ഐ.സി.സി നിരീക്ഷക ദീപാ ദാസ് മുൻഷി അറിയിച്ചു. മല്ലികാർജ്ജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ നേതാക്കൾ തമ്മിലുള്ള കടുത്ത അഭിപ്രായ ഭിന്നതയാണ് തീരുമാനത്തിന് തടസ്സമായത്. മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഹൈക്കമാൻഡ് നടത്തുമെന്ന് യോഗത്തിന് ശേഷം നേതാക്കൾക്കൊപ്പം മാധ്യമങ്ങളെ കണ്ട ദീപാ ദാസ് മുൻഷി വ്യക്തമാക്കി.

ഭൂരിപക്ഷം എം.എൽ.എമാരുടെയും പിന്തുണ തനിക്കുണ്ടെന്നും അതിനാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നുമാണ് കെ.സി. വേണുഗോപാൽ ചർച്ചയിൽ ശക്തമായി ഉന്നയിച്ചത്. മത്സരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. എന്നാൽ, ഘടകകക്ഷികളുടെ പിന്തുണ ചൂണ്ടിക്കാട്ടി വി.ഡി. സതീശനും സീനിയോറിറ്റി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ചതോടെ സമവായം അസാധ്യമായി. നേതാക്കളുടെ ഈ വ്യത്യസ്ത നിലപാടുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഖർഗെയും രാഹുൽ ഗാന്ധിയും കൂടുതൽ കൂടിയാലോചനകൾ നടത്തിയ ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂ.

അതേസമയം, സംസ്ഥാനത്ത് തുടരുന്ന ചേരി തിരിഞ്ഞുള്ള പ്രകടനങ്ങളിൽ നിന്നും ഫ്ളക്സ് പ്രചാരണങ്ങളിൽ നിന്നും പ്രവർത്തകർ പൂർണ്ണമായും മാറിനിൽക്കണമെന്ന് കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ സംയുക്തമായി ആവശ്യപ്പെട്ടു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും യോഗത്തിൽ പങ്കെടുത്തു. കേരളത്തിലെ നേതാക്കളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ കേന്ദ്ര നേതൃത്വം വിശദമായി പരിശോധിച്ച ശേഷം വരും ദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

 

Related Articles

- Advertisement -spot_img

Latest Articles